photo

പാലോട് : പെരിങ്ങമ്മല പഞ്ചായത്തിലെ തെന്നൂർ സൂര്യകാന്തി പട്ടികജാതി കോളനിയിൽ സാംസ്കാരിക നിലയം ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികഞ്ഞിട്ടും ഇതുവരെ പ്രവർത്തനമാരംഭിച്ചില്ല. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2018-19 കാലയളവിൽ സൂര്യകാന്തി എസ്.സി കോളനി നവീകരണവും ജനറൽ കേന്ദ്ര നിർമ്മാണവും എന്ന പദ്ധതിക്ക് ഇരുപത് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് സാംസ്കാരിക നിലയം നിർമ്മിച്ചത്. 2020 സെപ്തംബർ പതിനേഴിനാണ് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.കെ. മധു കെട്ടിടം ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ പങ്കെടുത്തിരുന്നെങ്കിലും സാംസ്കാരിക നിലയം തുറന്ന് പ്രവർത്തിപ്പിക്കാൻ മാത്രം ആരും മുൻകൈയെടുത്തില്ല. തുടർന്നുവന്ന തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി പുതിയ ആളുകൾ വന്നെങ്കിലും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫാനും ലൈറ്റും സ്ഥാപിച്ചെങ്കിലും വൈദ്യുതിയോ വെള്ളമോ ഇതുവരെയും ലഭിച്ചിട്ടില്ല. വൈദ്യുതി കണക്ഷനു വേണ്ടി സ്ഥാപിച്ച മീറ്റർ ബോർഡ് ഇപ്പോഴും അതുപോലെ തന്നെയുണ്ട്. സാധാരണക്കാരായ മുപ്പതോളം കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. കോളനി നിവാസികളുടെ വിവിധ ചടങ്ങുകൾ നടത്തുന്നതിനും കലാ സാംസ്കാരിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് കെട്ടിടം പണിതത്. ഇവിടെ സർക്കാർ പദ്ധതിയായ പഠനമുറി ഒരുക്കാമെന്നിരിക്കെ യാതൊരുവിധ നടപടികളുമുണ്ടായിട്ടില്ല. തങ്ങൾക്കുവേണ്ടി പണിത കെട്ടിടം പ്രവർത്തിപ്പിക്കുന്നതിനായി സമരം ചെയ്യേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.

കെട്ടിടം തുറക്കുന്നുണ്ട്

സാംസ്കാരിക നിലയത്തിന്റെ താക്കോൽ സൂക്ഷിക്കുന്ന പ്രദേശവാസി മാത്രമാണ് സ്വന്തം ആവശ്യങ്ങൾക്കായി ഇവിടം തുറക്കുന്നത്. ചില ദിവസങ്ങൾ സ്വന്തം പണിസ്ഥലമാക്കുകയും ചെയ്യുന്നു.

 വിവാഹം നടന്നു, രജിസ്ട്രേഷൻ നടന്നില്ല

രണ്ട് വർഷം മുൻപ് സൂര്യകാന്തി സാംസ്കാരിക നിലയത്തിൽ നടന്ന വിവാഹം രജിസ്റ്റർ ചെയ്യാനാവാതെ ദമ്പതികൾ. കോളനി നിവാസിയായ ശ്യാമിനും ഭാര്യ ബിൻസിക്കുമാണ് ഈ ദുർഗതി. വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകാനായി അക്ഷയ സെന്ററുകൾ തോറും കയറിയിറങ്ങുകയാണിവർ. അക്ഷയ സെന്ററിലെ സെർവറിൽ സൂര്യകാന്തി സാംസ്കാരിക നിലയം ലിസ്റ്റ് ചെയ്യാത്തതാണ് കാരണം. ഇതുമൂലം അപേക്ഷ നൽകാൻ പോലും കഴിഞ്ഞിട്ടില്ല. വിവാഹ ക്ഷണക്കത്തിൽ സാംസ്കാരിക നിലയത്തിന്റെ പേര് അച്ചടിച്ചതിനാൽ മാറ്റി നൽകാനും കഴിഞ്ഞില്ല. നേരിട്ട് അപേക്ഷ നൽകാനുള്ള സാക്ഷ്യപത്രം നൽകാനും ആളില്ല. തന്റെ വിവാഹം രജിസ്റ്റർ ചെയ്യാൻ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ശ്യാം.

നടപടി സ്വീകരിക്കും

സൂര്യകാന്തി പട്ടികജാതി കോളനിയിൽ സാംസ്കാരിക നിലയം തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും കെട്ടിടത്തിന്റെ താക്കോൽ അധികൃതരെ ഏൽപ്പിക്കുന്നതിന് നിർദ്ദേശം നൽകിയതായും സാംസ്കാരിക നിലയത്തെ അക്ഷയ സെന്ററിൽ ലിസ്റ്റ് ചെയ്യുന്നതിനുളള നടപടികൾ സ്വീകരിച്ചതായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.