
തിരുവനന്തപുരം: മൂന്ന് വർഷം മുൻപുള്ള ഫെബ്രുവരിയാണ് വീട്ടമ്മയായ ആര്യയുടെ ജീവിതം മാറ്റിമറിച്ചത്. ലോക്ക്ഡൗണിൽ പ്രണയദിനം ആഘോഷിക്കാനാവാതെ കമിതാക്കൾ നിരാശപ്പെട്ടപ്പോൾ ആര്യ തന്റെ പാഷനുമായി രംഗത്തിറങ്ങി. പിന്തുണച്ചത് 15 വർഷം പ്രണയിച്ച് വിവാഹം ചെയ്ത ഭർത്താവ് ശരത്. സമ്മാനങ്ങളായി റോസാപ്പൂവും ചോക്ലേറ്റും നൽകുന്ന ട്രെൻഡിൽ നിന്ന് മാറിച്ചിന്തിച്ചു. ആവശ്യക്കാരുടെ മനസിലുള്ള സമ്മാനങ്ങൾ അതുപോലെ രൂപകല്പന ചെയ്ത് കസ്റ്റമൈസ്ഡ് ഗിഫ്റ്റുകൾ നിർമ്മിക്കുന്ന 'സാക് ഗിഫ്റ്റ്' എന്ന സംരംഭം ആരംഭിച്ചു. ഇപ്പോൾ പ്രണയദിനത്തിൽ മാത്രമല്ല. കല്യാണം,പിറന്നാൾ, വിവാഹവാർഷികം...തുടങ്ങി എല്ലാ ചടങ്ങുകൾക്കുമുള്ള സമ്മാനങ്ങൾ നിർമ്മിച്ച് നല്ലൊരു വരുമാനം കൊയ്യുകയാണ് ഈ 27കാരി. യു.എസ്,ഖത്തർ അടക്കമുള്ള രാജ്യങ്ങളിലും സമ്മാനങ്ങൾക്ക് ആവശ്യക്കാരുണ്ട്.
'ക്ലോക്കും ഡിന്നർസെറ്റും സമ്മാനമായി നൽകുന്ന കാലം കഴിഞ്ഞു. കൊടുക്കുന്നവരുടെയും വാങ്ങുന്നവരുടെയും മനസ് നിറയണം' ആര്യ പറയുന്നു. അമ്മ കനകം ആയിരുന്നു ക്രാഫ്റ്റിലെ ഗുരു. എന്നാൽ പഠിച്ച് ജോലി നേടണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം.വിമൻസ് കോളേജിൽ ബി.എ ഹിസ്റ്ററിക്ക് ചേർന്നെങ്കിലും പുതുമയുള്ള എന്തെങ്കിലും ചെയ്യാനായിരുന്നു മോഹം. ശരത്തിനെ വിവാഹം ചെയ്തതോടെ പഴയ ആഗ്രഹങ്ങൾ പൊടിതട്ടിയെടുത്തു. വഴിയോരത്ത് കിടക്കുന്ന കുപ്പികൾ ശേഖരിച്ച് അതിൽ നിറം നൽകി. തന്റെ ബോട്ടിൽ ആർട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഞൊടിയിടയിൽ പത്ത് ഓർഡറുകൾ ലഭിച്ചപ്പോൾ ആര്യയും ഞെട്ടി.പ്രണയദിനത്തിന് ഫോട്ടോകൾ വച്ച് മഗുകൾ,ഫ്രെയിമുകൾ, ആൽബം, കലണ്ടറുകൾ, ബാഗുകൾ,കുഷൻ എന്നിവ ചെയ്തു. ഇതോടെ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുതിച്ചുയർന്നു. കുഞ്ഞ് ജനിക്കുമ്പോഴുള്ള ഭാരം, അച്ഛനമ്മമാരുടെ പേരുവിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ബേബി ഗിഫ്റ്റുകൾക്കും ആവശ്യക്കാർ ഏറെയാണ്.
യൂട്യൂബ് ഗുരു
സമ്മാനങ്ങൾ നിർമ്മിക്കുന്നത് യൂട്യൂബ് നോക്കിയാണ് പഠിച്ചത്.രണ്ടരവയസുകാരിയായ മകൾ സാക്ഷ ഉറങ്ങുന്ന സമയമാണ് നിർമ്മാണം. തമ്പാനൂരിലാണ് താമസം.100 രൂപയുള്ള ഫോട്ടോ ഫ്രെയിമുകൾ മുതൽ 5000 വിലമതിക്കുന്ന പോളറോയ്ഡുകൾ വരെയുണ്ട്. പെർഫ്യൂം, ഷർട്ടുകൾ,ചോക്ലേറ്റുകൾ എന്നിവ ഗിഫ്റ്റ്ബോക്സിൽ ആവശ്യാനുസരണം നിറയ്ക്കും.100ലേറെ ഓർഡറുകൾ മാസം ലഭിക്കും. ശരാശരി 50,000 രൂപയുടെ മാസവരുമാനം.