
കാലത്തിന്റെ കണ്ണാടിയായി മാറുമ്പോഴാണ് എഴുത്തുകാരന്റെ പ്രസക്തി വർദ്ധിക്കുന്നത്. അങ്ങനെ മാറിയ നിരവധി എഴുത്തുകാരെ ലോകം സംഭാവന ചെയ്തിട്ടുണ്ട്. ഇതിൽ ചിലർ കാലാതീതമായ സത്യങ്ങൾ അക്ഷരങ്ങളിലൂടെ പ്രതിഫലിപ്പിക്കുകയും അതുവഴി ശാശ്വത പ്രതിഷ്ഠയുള്ള കണ്ണാടിയായി മാറുകയും ചെയ്യും. ആ തലത്തിലേക്ക് ഉയരാത്ത എഴുത്തുകാരന്റെ രചനകൾ അതാത് കാലത്ത് ജ്വലിച്ച് നിൽക്കുകയും പിന്നീട് നിറം മങ്ങി മാഞ്ഞുപോകുകയും ചെയ്യും. ശാശ്വതമായ സത്യങ്ങൾ എഴുത്തിലൂടെ പ്രതിഫലിപ്പിക്കുന്നവർ അധികാര സ്ഥാനങ്ങളെ ഭയക്കാറില്ല. അവർ അതാത് കാലങ്ങളിൽ തെറ്റായ അധികാര പ്രവണതകൾക്കെതിരെ കൊടുങ്കാറ്റിന്റെ ശക്തിയോടെ ആഞ്ഞടിച്ചിട്ടുണ്ട്. രാജാധികാരത്തിന്റെയും അന്നത്തെ ഭരണം കയ്യാളിയിരുന്നവരുടെയും സിംഹാസനങ്ങൾക്ക് നേരെ വിരൽചൂണ്ടിയാണ് കുമാരനാശാൻ ''മാറ്റുവിൻ ചട്ടങ്ങളെ - സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ" എന്ന് പറഞ്ഞത്. കാലപ്രവാഹത്തിന്റെ ഒഴുക്കിൽ കവി പറഞ്ഞതുപോലെ തന്നെ ആ സിംഹാസനങ്ങളെല്ലാം ഒഴുകിപ്പോയി. അതിനു പകരം ജനാധിപത്യം വന്നു. അധികാരത്തിന്റെ കാഴ്ചപ്പാടുകൾ മാറി. പുതിയ കാലത്തിന്റെ പല ദുഷിച്ച പ്രവണതകളും അധികാരികളെ ബാധിച്ചു. നിരവധി ത്യാഗങ്ങളിലൂടെ കടന്നുവന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ കേരളത്തിൽ ലോകത്താദ്യമായി വോട്ടെടുപ്പിലൂടെ അധികാരത്തിൽ വന്നത്. പുതിയ കാലത്തും ആ പാർട്ടി അതിശക്തമായി നിലനിൽക്കുന്നത് അവർ പാവപ്പെട്ട ജനവിഭാഗങ്ങളോടും അധികാരത്തിൽ നിന്ന് നൂറ്റാണ്ടുകളോളം അകറ്റിനിറുത്തിയിരുന്നവരോടും കാണിക്കുന്ന സമഭാവനയുള്ള മനോഭാവത്തിന്റെ പേരിലാണ്. എന്നാൽ പുതിയ കാലത്തിന്റെ പണപ്രവാഹത്തിന്റെ ചുഴികളിൽ ഇന്ത്യയിലെ ഭരണത്തിലും പ്രതിപക്ഷത്തും ഇരുന്നിട്ടുള്ള എല്ലാ പാർട്ടികളിലും പെട്ട ഭൂരിപക്ഷം നേതാക്കന്മാരും വീണുപോയതുപോലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതാക്കന്മാരിൽ ചിലർ വീണുപോയിട്ടുണ്ട്. ഇ.എം.എസ്സിന്റെ കാലത്ത് അതില്ലായിരുന്നു. ഈയൊരു ദുരവസ്ഥയിലേക്കാണ് എം.ടി. വാസുദേവൻ നായർ വിരൽചൂണ്ടിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ആ വിമർശനം നടത്തി എന്നതാണ് ആ വാക്കുകളുടെ പ്രസക്തി വർദ്ധിപ്പിക്കുന്നത്. അതല്ലാതെ പലരും വ്യാഖ്യാനിക്കുന്നതുപോലെ ഇത് വ്യക്തിപരമായി പിണറായി വിജയനോ നരേന്ദ്രമോദിക്കോ എതിരെ നടത്തിയ വിമർശനമല്ല. അങ്ങനെ വ്യാഖ്യാനിച്ചാൽ ആ വ്യാഖ്യാനത്തിന്റെ പിറകിൽ ഒത്തിരി മുഖങ്ങൾക്ക് നിഷ്‌ക്കളങ്കത അഭിനയിച്ച് ഒളിച്ചിരിക്കാൻ കഴിയും. എം.ടി. ചൂണ്ടിക്കാട്ടിയ മൂല്യച്യുതി രാഷ്ട്രീയത്തെ മാത്രം ഗ്രസിച്ച ഒന്നല്ല. എഴുത്തുകാരെയും പത്രപ്രവർത്തകരെയും അദ്ധ്യാപകരെയും ജീവനക്കാരെയും എന്തിന് ഇന്നത്തെ സമൂഹത്തിൽ ജീവിച്ചിരിക്കുന്ന ഓരോ പൗരനെയും ബാധിച്ചിട്ടുള്ള ഒന്നാണ്. ആ ക്ഷയത്തിൽ നിന്ന് കരകയറാൻ എന്തുചെയ്യാനാകും എന്നതിനെക്കുറിച്ചാണ് യഥാർത്ഥത്തിൽ ചർച്ച നടക്കേണ്ടത്. എല്ലാവരും ആത്മപരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ആ വാക്കുകൾ വിരൽചൂണ്ടുന്നത്.
അധികാര വർഗത്തിന്റെ വാലാട്ടികളായി ഭൂരിപക്ഷം എഴുത്തുകാരും നടക്കുന്ന ഇക്കാലത്ത് സംസ്ഥാനത്തിന്റെ അധികാരത്തിന്റെ പ്രതീകമായ പിണറായി വിജയൻ വേദിയിലിരിക്കുമ്പോൾ ഇത് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞു എന്നതാണ് എം.ടി എന്ന എഴുത്തുകാരന്റെ ധീരത. അത് അഭിനന്ദിക്കപ്പെടേണ്ടതു തന്നെയാണ്. റഷ്യയിലായിരുന്നെങ്കിൽ ഇങ്ങനെ ഒരു എഴുത്തുകാരന് പറയാനാവില്ല. അധികാരം പല സന്ദർഭങ്ങളിലും ഏകാധിപത്യ ശൈലികളിലേക്ക് വഴിമാറുന്നത് തിരുത്തപ്പെടണമെന്നാണ് എം.ടി പറഞ്ഞത്. എം.ടിക്ക് മുമ്പും പല എഴുത്തുകാരും കേളത്തിൽ രാഷ്ട്രീയ വിമർശനങ്ങൾ നടത്തിയിട്ടുണ്ട്. ഒരുകാലത്ത് സുകുമാർ അഴീക്കോടിന്റെ വാക്കുകൾക്ക് കേരളം കാതോർത്തിരുന്നിട്ടുണ്ട്. അത്തരം വിമർശനങ്ങൾ എഴുത്തുകാരന്റെ കർത്തവ്യമാണ്. അതു മാറ്റങ്ങൾ ഉണ്ടാക്കുമോ ഇല്ലയോ എന്നത് നാളെകളാണ് നിശ്ചയിക്കേണ്ടത്. നല്ല മാറ്റങ്ങൾക്ക് തുടക്കമിടാൻ എം.ടിയുടെ അർത്ഥഗാംഭീര്യമുള്ള വാക്കുകൾ ഒരു നിമിത്തമാകട്ടെ എന്ന് പ്രതീക്ഷിക്കാം.