plant

തിരുവനന്തപുരം:തലസ്ഥാന നഗരത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന കേന്ദ്രീകൃത മലിനജല സംസ്കരണ സംവിധാനം നടപ്പാക്കാൻ സർക്കാരിന്റെ കൈയിൽ ചില്ലിക്കാശ് ഇല്ലാതെ വന്നതോടെ ജല അതോറിട്ടി ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയിൽ(ജിക്ക) നിന്ന് 1091 കോടിയുടെ വായ്‌പ എടുക്കും. ജിക്കയ്ക്ക് സമർപ്പിക്കുന്നതിനായി പദ്ധതിയുടെ വിശദപദ്ധതി രേഖ (ഡി.പി.ആർ) ജല അതോറിട്ടി തയ്യാറാക്കി.ഇത് ഉടൻ ജിക്ക അധികൃതർക്ക് സമർപ്പിക്കും. പദ്ധതി സംബന്ധിച്ച ചർച്ചകൾക്കായി ചേർന്ന സാങ്കേതിക സമിതിയുടെ യോഗത്തിലാണ് പണം ഇല്ലെന്ന കാര്യം സർക്കാർ വ്യക്തമാക്കിയത്. ഇതോടെയാണ് ജിക്കയെ സമീപിക്കാൻ തീരുമാനിച്ചത്.

നഗരത്തിൽ നിലവിലുള്ളത് 1945ൽ സ്ഥാപിച്ച മലിനജല സംസ്‌കരണ പദ്ധതിയാണ്.ഇതിൽ 43 വാർഡുകൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. ശേഷിക്കുന്ന 57 വാർഡുകളെക്കൂടി ബന്ധിപ്പിച്ച് കേന്ദ്രീകൃത മലിനജല സംവിധാനം നടപ്പാക്കാനാണ് പദ്ധതി.10 ക്ളസ്റ്ററുകളായാണ് നടപ്പാക്കുന്നത്.ആദ്യം നാലും പിന്നീട് ആറും ക്ളസ്റ്ററുകളായി നടപ്പാക്കും.ശേഷിക്കുന്ന ക്ളസ്റ്ററുകളുടെ ജോലികൾ ജല അതോറിട്ടിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫണ്ടുകൾ ഉപയോഗിച്ച് നടത്തും.ആറ്റുകാൽ,​ കളിപ്പാൻകുളം,​കാലടി,​കല്ലടിമുഖം എന്നിവിടങ്ങളിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. ആകെ 60 കിലോമീറ്റർ ദൂരത്തിൽ പൈപ്പിടും.ഇതിനെ നഗരത്തിലെ ഏക മലിനജല സംസ്കരണ പ്ളാന്റായ മുട്ടത്തറയിലെ സ്വീവറേജ് പ്ളാന്റുമായി ബന്ധിപ്പിക്കും. എല്ലാ വാർഡുകളിലും പദ്ധതി പൂർത്തിയാകുന്നതോടെ മലിനജലത്തിന്റെ അളവ് മൂന്നിരട്ടിയാകുമെന്നതിനാൽ മുട്ടത്തറയിലെ 107 എം.എൽ.ഡി പ്ളാന്റ് കൂടാതെ ഒരു പ്ളാന്റ് കൂടി നിർമ്മിക്കും. സ്വീവേജ് ലൈനുകൾ സ്ഥാപിക്കുന്നതിനും റോഡ് പുനർനിർമ്മിക്കുന്നതിനും ഒരു കിലോമീറ്ററിന് ശരാശരി 3.43 കോടിയാണ് ചെലവ്.