
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് മ്യൂസിയത്തിൽ സൂക്ഷിക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ബസ് മ്യൂസിയത്തിൽ സൂക്ഷിക്കുമെന്ന എ.കെ ബാലന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടില്ല. അത്തരം തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബസ് മ്യൂസിയത്തിൽ സൂക്ഷിച്ചാൽ ചരിത്രപരമായിരിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കാണാൻ ലക്ഷക്കണക്കിന് ആളുകൾ ടിക്കറ്റെടുത്ത് വരുമെന്നായിരുന്നു സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലൻ പറഞ്ഞത്.
ബസ് അറ്റകുറ്റപണിക്കായി ബംഗളൂരുവിലാണ്. ബസിന്റെ ബോഡി ഉൾപ്പെടെ നിർമ്മിച്ച എസ്.എം കണ്ണപ്പ ഓട്ടോമൊബൈൽസ് ഗാരേജിലാണ് പണികൾ നടക്കുന്നത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി ജനുവരി അവസാനത്തോടെ ബസ് തിരികെ കൊണ്ടുവരും. അടുത്ത മാസം മുതൽ കെ.എസ്.ആർ.ടിസിയുടെ ബഡ്ജറ്റ് ടൂറിസത്തിനായി ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം.