തിരുവനന്തപുരം: കേന്ദ്ര അവഗണന സംബന്ധിച്ച കാര്യങ്ങൾ പ്രതിപക്ഷവുമായി നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം ചർച്ചയിൽ വിലയിരുത്തും.
കേന്ദ്രത്തിന്റെ അവഗണന സംബന്ധിച്ച കാര്യങ്ങൾ നവകേരള സദസിലടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും വിശദീകരിച്ചിരുന്നു.
കേന്ദ്ര വിഹിതവും കടമെടുപ്പ് പരിധിയും വെട്ടിച്ചുരുക്കുന്നതും ബഡ്ജറ്റിന് പുറത്ത് കിഫ്ബി വഴിയുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങൾ സർക്കാരും സി.പി.എമ്മും പലതവണ ഉന്നയിച്ചിരുന്നു. എന്നാൽ, നികുതി കൃത്യമായി പിരിച്ചെടുക്കുകയും ചെലവ് ചുരുക്കുകയും വേണമെന്ന നിർദ്ദേശമാണ് പ്രതിപക്ഷം മുന്നോട്ടുവച്ചിരിക്കുന്നത്.