
നെടുമങ്ങാട്: പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് റോഡ് നിർമ്മിതിക്ക് യോജിച്ച വിധത്തിൽ പൊടിയാക്കുന്ന പദ്ധതി നെടുമങ്ങാട് നഗരസഭയിൽ യാഥാർത്ഥ്യമാവുന്നു. ഒരു കോടിയോളം രൂപ ചെലവിട്ട് സജ്ജമാക്കിയ പനങ്ങോട്ടേല റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിൽ ആധുനിക യന്ത്രങ്ങളുടെ പ്രവർത്തനം തുടങ്ങി. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ പ്ളാസ്റ്റിക് പൊടിക്കുന്ന ഷെർഡിംഗ് മെഷീൻ,ബോട്ടിലുകളും മറ്റു പ്ലാസ്റ്റിക്കുകളും ബണ്ടിലാക്കുന്നതിനുള്ള ബൈലിംഗ് മെഷീൻ,തൊഴിലാളികൾക്ക് ലൈനായി നിന്ന് പാക്കിംഗ് ചെയ്യുന്നതിനുള്ള കൺവെയർ ബെൽറ്റ്, പ്ലാസ്റ്റിക് ക്ലീൻ ചെയ്യുന്നതിനുള്ള ഡി ഡെസ്റ്റർ, സാധനങ്ങൾ ലോഡു ചെയ്യുന്നതിനുള്ള വീൽ ബാരോ മുതലായവയുടെ പ്രവർത്തനമാണ് ആരംഭിച്ചത്.പൊടി രൂപത്തിലാക്കി നൽകുന്ന പ്ലാസ്റ്റിക് വില നൽകി ഏറ്റെടുക്കാൻ സർക്കാർ സ്ഥാപനമായ ക്ളീൻ കേരളയുമായി നഗരസഭ കരാർ ഉറപ്പിച്ചതായി ചെയർപേഴ്‌സൺ സി.എസ്.ശ്രീജ പറഞ്ഞു. യന്ത്രങ്ങളുടെ പ്രവർത്തനോദ്‌ഘാടനം മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. ചെയർപേഴ്‌സൺന്റെ അദ്ധ്യക്ഷതയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.അജിത സ്വാഗതം പറഞ്ഞു.നഗരസഭ മുൻ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഹരികേശൻ നായർ, പി.വസന്തകുമാരി, ബി.സതീശൻ,എസ്.സിന്ധു,കൗൺസിലർമാരായ പുലിപ്പാറ കൃഷ്ണൻ, സിന്ധു കൃഷ്ണകുമാർ,എം.എസ്.ബിനു,പ്രിയാ നായർ തുടങ്ങിയവർ പങ്കെടുത്തു.