g

രാജ്യത്ത് കൃത്യമായ വരുമാനമൊന്നുമില്ലാത്ത സാധു കുടുംബങ്ങളുടെ ആശ്രയമാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴിൽ നടന്നുവരുന്ന തൊഴിലുറപ്പു പദ്ധതി. പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബങ്ങളിലെ ഒരാൾക്കെങ്കിലും തൊഴിൽ നൽകണമെന്നാണ് നിബന്ധന. പരമാവധി ഒരുവർഷം നൂറു ദിവസങ്ങൾ വരെ ഇത്തരത്തിൽ തൊഴിൽ ലഭിക്കേണ്ടതാണ്. എന്നാൽ പലവിധ കാരണങ്ങളാൽ ആ ലക്ഷ്യം ഒരിക്കലും പൂർണമായും നിറവേറാറില്ല. കൂലി നൽകാനാവശ്യമായ കേന്ദ്ര ഫണ്ട് ലഭിക്കാനുള്ള കാലതാമസം ഉൾപ്പെടെ പ്രതിബന്ധങ്ങൾ അനവധിയാണ്. ഇതിനിടയിലാണ് ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി രാജ്യത്തൊട്ടാകെ ആറര കോടിയിൽപ്പരം പേരെ രജിസ്റ്ററിൽ നിന്നു അടുത്തിടെ നീക്കം ചെയ്തത്. കേരളത്തിൽ ആധാർ എൻറോൾമെന്റ് നൂറു ശതമാനത്തിനടുത്തായതിനാൽ ഇവിടെ ഇതുമായി ബന്ധപ്പെട്ട വൈതരണികളൊന്നും ഉണ്ടായില്ല. എങ്കിലും ഫണ്ടിന്റെ അഭാവം കാരണം തൊഴിൽ ദിനങ്ങളിൽ ഗണ്യമായ കുറവുണ്ടായെന്നത് വാസ്തവമാണ്. സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടലുകളെത്തുടർന്ന് ഈ കുറവ് ഇപ്പോൾ ഏതാണ്ട് പരിഹരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ് കേന്ദ്ര ഗ്രാമവികസന മന്ത്രിയെക്കണ്ട് സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്ന് ഒന്നര കോടി തൊഴിൽ ദിനങ്ങൾ കൂടി കേരളത്തിന് അനുവദിച്ചിരിക്കുകയാണ്. ഇതോടെ ഈ വർഷം സംസ്ഥാനത്തിന് തൊഴിലുറപ്പു പദ്ധതിയിൻ കീഴിൽ ഒൻപതര കോടി തൊഴിൽ ദിനങ്ങൾ ലഭിക്കുമെന്ന് ഉറപ്പായി. സംസ്ഥാനം ആവശ്യപ്പെട്ടത് 10.7 കോടി തൊഴിൽ ദിനങ്ങളായിരുന്നു. എന്നാൽ ഒൻപതര കോടിയിൽ ഒതുക്കുകയായിരുന്നു. പതിനഞ്ചര ലക്ഷം കുടുംബങ്ങൾക്ക് ഇതിലൂടെ ആശ്വാസം ലഭിക്കും. കഴിഞ്ഞ വർഷം ശരാശരി 63 ദിവസമാണ് പദ്ധതി അനുസരിച്ച് തൊഴിൽ നൽകാനായത്. ഈ വർഷം അത് 70 ദിവസമായി ഉയർത്താനാകുമെന്നാണു പ്രതീക്ഷ. വേതനത്തിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ഒരു ദിവസം തൊഴിലുറപ്പ് ജോലിക്കു പോയാൽ സംസ്ഥാനത്ത് 333 രൂപയാണ് കൂലി. തുടക്കത്തിൽ ഉണ്ടായിരുന്ന കൂലി വച്ചു നോക്കിയാൽ മൂന്നിരട്ടിയാണ് ഇപ്പോഴത്തെ കൂലി. സംസ്ഥാനത്തു നിലവിലുള്ള വേതന ഘടനയുമായി തട്ടിച്ചുനോക്കുമ്പോൾ ഇതു തീരെ കുറവാണ്. എങ്കിലും തൊഴിലൊന്നുമില്ലാതെ കഴിയുന്ന നിർദ്ധന കുടുംബങ്ങൾക്ക് വളരെ വലിയ ആശ്വാസമാണു തൊഴിലുറപ്പു പദ്ധതി.

കേന്ദ്രം ഓരോ വർഷവും തൊഴിലുറപ്പു പദ്ധതി വിഹിതത്തിൽ കുറവു വരുത്തുന്നതാണ് തിരിച്ചടിയാകുന്നത്. പദ്ധതിയുടെ ആദ്യ കാലത്ത് തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് കൂലി വിതരണം ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടാണ് പണമെത്തുന്നത്. ഇടനിലക്കാരുടെയും ഉദ്യോഗസ്ഥന്മാരുടെയും കൈയിട്ടുവരാൽ പൂർണമായും ഒഴിവാക്കാൻ ഈ പരിഷ്കാരത്തിലൂടെ സാധിച്ചിട്ടുണ്ട്.

കേരളത്തിൽ 10.7 കോടി തൊഴിൽ ദിനങ്ങളെങ്കിലും അനുവദിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നിലവിൽ അനുവദിച്ച 9.5 കോടിയിൽ എത്തിയശേഷം കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്നാണ് കേന്ദ്ര നിലപാട്. തൊഴിലുറപ്പു പദ്ധതിയിൽ കൂടുതൽ തനതു മേഖലകളെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ ഇനിയും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. അതിന്റെ ന്യൂനതകൾ ഇവിടെ പ്രകടവുമാണ്. തൊഴിൽ നൽകാവുന്ന മേഖലകൾ കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ സ്വകാര്യ പുരയിടങ്ങളിലെ പുല്ലു പറിക്കാനും കാടുവെട്ടാനുമൊക്കെയായി ആളുകളെ നിയോഗിക്കേണ്ടിവരുന്നുണ്ട്. ഏതു വഴിക്കാണെങ്കിലും തൊഴിൽ ലഭിക്കുന്നുണ്ടല്ലോ എന്നോർത്ത് സമാധാനിക്കാം.