photo

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ അറവ് മാലിന്യ സംസ്കരണ പ്ലാന്റ് നോക്കുകുത്തിയായിട്ടും നടപടിയില്ല. പ്രവർത്തനം നിലച്ചിട്ട് നാലുവർഷത്തിലധികം പിന്നിടുന്നു. അറവുമാലിന്യങ്ങൾ പരസ്യമായി ഓടയിലേക്ക് ഒഴുക്കുന്നത് പകർച്ചവ്യാധി ഭീഷണിക്കും ഇടയാക്കുന്നു. മാലിന്യങ്ങൾ ഒഴുക്കിവിടുന്നതിനാൽ മരത്തൂർ തോടും മലിനമായി. സംസ്കരണ പ്ലാന്റ് ഇവിടെ സ്ഥാപിച്ചത് രണ്ട് ഉദ്ദേശ്യത്തോടെയായിരുന്നു. ഒന്ന് മത്സ്യ മാർക്കറ്റിലെ മത്സ്യ അവശിഷ്ടങ്ങൾ ഇടാൻ ഒരു ഇടം കണ്ടെത്തുക മറ്റൊന്ന് മത്സ്യ മാർക്കറ്റിൽ പ്രവർത്തിക്കുന്ന അറവുശാലയിലെ മാലിന്യങ്ങൾ പ്ലാന്റിൽ തന്നെ നിക്ഷേപിച്ച് സംസ്ക്കരിക്കുക. എന്നാൽ ഉദ്ദേശിച്ച ഫലം ഇതിൽ നിന്നും ലഭിച്ചില്ല.

ടി.ബി ജംഗ്ഷനിൽ മീൻ മാർക്കറ്റിലെ മത്സ്യത്തിന്റെ അവശിഷ്ടങ്ങളും അറവ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് പതിവായതോടെ 15 വർഷം മുൻപാണ് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനായി പദ്ധതി തയാറാക്കിയത്. എന്നാൽ അവയെ ശരിയായ രീതിയിൽ പരിപാലിക്കാത്തതിനാൽ മാലിന്യസംസ്ക്കരണം അവതാളത്തിലാവുകയായിരുന്നു. മാലിന്യങ്ങൾ സംസ്കരിക്കാനായ ഒരു താത്കാലിക കേന്ദ്രം തുടങ്ങിയെങ്കിലും അതും നിലച്ചു.

 പദ്ധതി വെള്ളത്തിലായി

അറവ് മാലിന്യങ്ങളും മത്സ്യാവശിഷ്ടങ്ങളും കൂടി ഖര ദ്രവ മാലിന്യങ്ങൾ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന വലിയ ടാങ്കിന്റെ അടിത്തട്ടിൽ എത്തിച്ച് രാസമാറ്റം വരുത്തി ജ്വലിക്കാൻ പ്രാപ്തിയുള്ള ഇന്ധനം ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിന് പ്രത്യേകം തയാറാക്കിയ പൈപ്പിലൂടെ കടത്തിവിട്ട് ജനറേറ്റർ പ്രവർത്തിപ്പിക്കുകയും അതിലൂടെ ഉണ്ടാവുന്ന വൈദ്യുതി ഉപയോഗിച്ച് ടി ബി ജംഗ്ഷനിലെ മത്സ്യ മാർക്കറ്റ് പ്രകാശപൂരിതമാക്കാനും കഴിഞ്ഞിരുന്നു. തുടക്കത്തിൽ എല്ലാം ഭംഗിയായി നടപ്പിലായെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം പദ്ധതിയുടെ കാറ്റുപോയി.

 പ്രതിഷേധവും ശക്തം

വ‌ർഷങ്ങൾക്ക് മുൻപ് പ്രവർത്തനം നിലച്ചെങ്കിലും 2019 ൽ വീണ്ടും 5 ലക്ഷം രൂപ ചെലവാക്കി പുതിയ സംസ്കരണം പ്ലാന്റ് നിർമ്മിച്ചെങ്കിലും അതിന്റെ പ്രവർത്തനം വീണ്ടും നിലച്ചു. സംസ്കരണ പ്ലാന്റിന്റെ മുകളിൽ ഒരു ടാപ്പ് ഘടിപ്പിച്ചതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും മാലിന്യ സംസ്കരണത്തിേനോ വൈദ്യുതി ഉത്പാദിപ്പിക്കാനോ നഗരസഭയ്ക്ക് കഴിയാത്തത് വൻപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.