k

തിരുവനന്തപുരം:പദ്മനാഭസ്വാമി ക്ഷേത്രത്തിൽ വി.ഐ.പി ദർശനസൗകര്യം വാഗ്ദാനം ചെയ്ത് ഭക്തരിൽ നിന്ന് പണം തട്ടിയ മുൻ ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ. മണക്കാട് കടിയപ്പട്ടണം സീത നിവാസിൽ എസ്.ശരവണനെയാണ് (33) ഇന്നലെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച രാവിലെ 8.30നായിരുന്നു സംഭവം

.പന്ത്രണ്ട് വർഷത്തോളം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനായിരുന്നു.ജോലിക്കിടയിൽ മൃദംഗവാദനത്തിന്

പുറത്തു പോയതിനാൽ ആറുമാസമായി ജോലിയിൽ നിന്ന് മാറ്റിനിറുത്തിയിരുന്നു. മാറ്റിനിറുത്തിയ ശേഷവും ഇയാൾ ക്ഷേത്രപരിസരത്ത് സ്ഥിരമായി എത്താറുണ്ട്.വെള്ളിയാഴ്ച മുംബയിൽ നിന്ന് ദർശനത്തിനെത്തിയ 23അംഗ സംഘത്തെ വി.ഐ.പി ദർശനം നൽകാമെന്നു പറഞ്ഞ് ഇയാൾ വലയിലാക്കി. മുണ്ടുടുത്ത് വന്ന ഇയാൾ മുൻ ക്ഷേത്ര ജീവനക്കാരനാണെന്നും ക്ഷേത്രത്തിൽ നല്ല പിടിപാടാണെന്നും പറഞ്ഞു.ഒരാൾക്ക് 500 രൂപ വീതം 23 പേർക്ക് 11,500 രൂപ പ്രതിഫലം വാങ്ങി ഇയാൾ മുങ്ങി. പണം നൽകിയിട്ടും ദർശനം ലഭിക്കാതായപ്പോഴാണ് തട്ടിപ്പ് മുംബയ് സ്വദേശികൾക്ക് മനസിലായത്. ശരവണന്റെ പേരുപറഞ്ഞ് അകത്തു പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും കടത്തിവിട്ടില്ല. ഇതോടെ ഇവർ ഫോർട്ട് പൊലീസിൽ പരാതിപ്പെട്ടു. ക്ഷേത്രത്തിലെ സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. മണക്കാടുള്ള വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.വീട്ടിൽ നിന്ന് കണ്ടെടുത്ത പണം പൊലീസ് കോടതിയിൽ ഏല്പിച്ചു.