ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളുടെ കൂട്ടായ്മയെ ചുമതലപ്പെടുത്തി ധാരണാപത്രം ഒപ്പിട്ടെങ്കിലും പെൻഷൻ വിതരണം സുഗമമാകാൻ വീണ്ടും സർക്കാർ ഇടപെടൽ വേണ്ടിവരും. കെ.എസ്.ആർ.ടി.സി, ധന വകുപ്പ്, സഹകരണ വകുപ്പ് എന്നിവയാണ് ധാരണാപത്രത്തിൽ പങ്കാളിയായത്.

ഇതുപ്രകാരം 8.8% പലിശയ്ക്ക് കേരള ബാങ്ക് രൂപീകരിച്ച കൺസോർഷ്യം പണം നൽകണം. ഇതിനുമുമ്പ് 8% ആയിരുന്നത് 8.8% ആയി ഉയർത്തിയാണ് ധാരണാപത്രം ഒപ്പിട്ടത്. എന്നാൽ, ഇത് പോരെന്ന നിലപാടിലാണ് ഇപ്പോൾ സഹകരണവകുപ്പ്.

സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന് കഴിഞ്ഞ ദിവസമാണ് പലിശനിരക്ക് ഉയർത്തിയത്. മുതിർന്ന പൗരൻമാരുടെ നിക്ഷേപത്തിന് 9.5% വരെ പലിശനിരക്ക് ഉയർത്തി. ഈ പലിശയിൽ അര ശതമാനം ഉയർത്തി മാത്രമേ ഇനി വായ്പ കൊടുക്കാനാകൂ എന്നാണ് വകുപ്പിന്റെ നിലപാട്. കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണത്തിനും 10% പലിശ നിരക്കിൽ മാത്രമേ ഇനി പണം നൽകാൻ കഴിയൂ എന്ന് വ്യക്തമാക്കി ഗതാഗതവകുപ്പിന് കത്തു നൽകി.

മാത്രമല്ല, നേരത്തെ പെൻഷൻ നൽകിയ വകയിൽ 270 കോടി രൂപ ലഭിക്കാനുണ്ടെന്നും സഹകരണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഡിസംബർ മുതലുള്ള പെൻഷനാണ് കുടിശ്ശികയുള്ളത്. തർക്കം തുട‌ർന്നാൽ പെൻഷൻ വിതരണം ഉടനൊന്നും നടക്കില്ല. 40,000 പെൻഷൻകാർ ഇതോടെ കൂടുതൽ ദുരിതത്തിലാകും.