തിരുവനന്തപുരം: നഗരത്തെ കാർബൺ രഹിതമാക്കുന്നതിന് അന്താരാഷ്ട്ര കമ്പനിയുമായി നഗരസഭയുടെ കരാർ. വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ഡബ്ല്യു.ആർ.ഐ.ഐ) ഇന്ത്യ എന്ന സംഘടനയാണ് സീറോ കാർബണും റീസൈലൻസ് ബിൽഡിംഗ് എന്ന പദ്ധതിയുമായി നഗരസഭയെ സമീപിച്ചത്. കാർബണിന്റെ പുറംതള്ളൽ അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണമാണ്.
നിലവിൽ നഗരത്തിൽ എത്രത്തോളം കാർബൺ പുറംതള്ളുന്നുവെന്ന കൃത്യമായ സർവേ എടുത്തിട്ടില്ല. മഴ പെയ്‌ത് നഗരം വെള്ളത്തിൽ മുങ്ങിയപ്പോഴാണ് വെള്ളക്കെട്ടിനെക്കുറിച്ച് പഠിക്കാൻ നഗരസഭ ശ്രമിച്ചത്. ഇക്കാര്യവും അതുപോലെയാണ്. കൗൺസിൽ പദ്ധതി അംഗീകരിച്ചതോടെ സർവേ അതിവേഗം ആരംഭിക്കും.
ആദ്യം പഠനം,
പിന്നെ നടപടി
രാജ്യത്ത് മുംബയിലാണ് ആദ്യമായി ഡബ്ല്യു.ആർ.ഐ.ഐ കാർബൺ ന്യൂട്രലാകാൻ എന്തുനടപടി വേണമെന്ന് പഠനം നടത്തിയത്. തുടർന്നാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ തിരുവനന്തപുരത്തെ തിരഞ്ഞെടുത്തത്. ആദ്യം എത്ര അളവിൽ കാർബൺ പുറംതള്ളലാണ് നടക്കുന്നതെന്ന് പഠനം നടത്തും. അതിന് നഗരത്തിലെത്തുന്ന വാഹനങ്ങൾ,വിറ്റുപോകുന്ന വാഹനങ്ങൾ എന്നിവയുടെ കണക്കെടുക്കും. ഏറ്റവും കൂടുതൽ കാർബൺ പുറംതള്ളുന്നത് പെട്രോളിയം വാഹനങ്ങളിലാണ്. വൈദ്യുതി ഉത്പാദനം,വ്യവസായ ശാലകൾ,ഏത് തരത്തിലും നടക്കുന്ന നിർമ്മാണം എന്നിവയുടെ കണക്കും സർവേയും ശേഖരിക്കും. കാർബൺ പുറംതള്ളുന്ന എല്ലാ മേഖലയിലും പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പഠനമുണ്ടാകും. പഠനത്തിന് ശേഷമുള്ള ചർച്ചകൾക്കുശേഷം നിർദ്ദേശങ്ങളും നൽകും.
നിർമ്മാണ രീതിയും മാറിയേക്കും
കാർബണിന്റെ പുറംതള്ളൽ കുറയ്ക്കാൻ കെട്ടിടനിർമ്മാണ രീതി വരെ മാറ്റേണ്ട നിർദ്ദേശമുണ്ടാകും. നഗരത്തിൽ 40 ശതമാനത്തോളം നിർമ്മാണം നടക്കുന്നതിൽ നിന്ന് കാർബണിന്റെ പുറംതള്ളൽ കൂടുതലാണ്. ഇത് കുറയ്ക്കാൻ കെട്ടിട നിർമ്മാണ രീതിയിൽ മാറ്റം വരുത്തുകയോ ചില പരിഷ്‌കാരങ്ങൾ വരുത്താനുള്ള നിർദ്ദേശവുമുണ്ടാകും.
കാർബൺ കൂടിയാൽ
കാർബൺ വാതകങ്ങളുടെ പുറംതള്ളൽ പ്രകൃതിയിലുണ്ടാക്കുന്ന അപകടകരമായ മാറ്റങ്ങളിൽ പ്രധാനപ്പെട്ടത് കാലാവസ്ഥാവ്യതിയാനമാണ്. അന്തരീക്ഷത്തിൽ വർദ്ധിക്കുന്ന കാർബൺ ഡയോക്‌സൈഡ്,കാർബൺ മോണോക്‌സൈഡ്,മീതൈൻ,നൈട്രജൻ വാതകങ്ങൾ,എ.സിയുടെ പ്രവർത്തനം മൂലമുണ്ടാകുന്ന ക്ലോറോ ഫ്ളൂറോ കാർബൺ തുടങ്ങിയവയും അവ മൂലമുണ്ടാകുന്ന താപവും മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവികൾക്കും അതിജീവന പ്രശ്‌നമുണ്ടാക്കുന്നു. ഈ വാതകങ്ങളുടെ അളവ് കൂടുമ്പോൾ സൂര്യരശ്‌മികളെ തടഞ്ഞുനിറുത്തുന്ന ഓസോൺ പാളിയിൽ വിള്ളലുണ്ടാകുകയും അതിലൂടെ ഹാനികരമായ സൂര്യരശ്‌മികൾ ഭൂമിയിലേക്ക് പതിക്കുകയും ചെയ്യും.