
തിരുവനന്തപുരം: വൈസ്ചാൻസലറുടെ കാലാവധി തീരുന്നതിന് തൊട്ടുമുൻപ് വെറ്ററിനറി സർവകലാശാലയിൽ 156 അദ്ധ്യാപക നിയമനങ്ങൾ തിരക്കിട്ട് നടത്തുന്നു. വി.സി ഡോ.എം.ആർ. ശശീന്ദ്രനാഥിന്റെ കാലാവധി ജൂണിലാണ് തീരുന്നത്. അതിനു മുൻപായി കുറഞ്ഞ വിദ്യാർത്ഥി, അദ്ധ്യാപക അനുപാതം വകവയ്ക്കാതെ 156 അസി. പ്രൊഫസർ തസ്തികകളുണ്ടാക്കി നിയമനം നടത്താനാണ് നീക്കം. ഇത് തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കൃത്യമായി ശമ്പളം നൽകാൻ പോലുമാവാതെ, നിലവിൽ 4കോടി കടത്തിലാണ് സർവകലാശാല. പുതിയ അദ്ധ്യാപക നിയമനങ്ങൾക്ക് 20കോടി അധിക ബാദ്ധ്യതയുണ്ടാവും. സർവകലാശാലയിലെ ചില ഉന്നതരുടെ വേണ്ടപ്പെട്ടവർക്ക് നിയമനം ലഭിക്കാൻ പാകത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാനാണ് കഴിഞ്ഞമാസം ചേർന്ന ഭരണസമിതിയോഗം തീരുമാനിച്ചത്. ഇതിനായി ചില തസ്തികകളെ നെറ്റ് യോഗ്യതയിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. യൂണിവേഴ്സിറ്റിയുടെ പ്രോ ചാൻസലർ മന്ത്രി ജെ.ചിഞ്ചുറാണിയാണ്. പക്ഷേ ഭരണസമിതിയായ ബോർഡ് ഒഫ് മാനേജ്മെന്റ് സി.പി.എം നിയന്ത്രണത്തിലാണ്.
വെറ്ററിനറി സർവകലാശാലയുടെ ഏതാനും കോഴ്‌സുകൾക്ക് ഐ.സി.എ.ആറിന്റെയോ വെറ്ററിനറി കൗൺസിലിന്റെയോ അംഗീകാരം ലഭിച്ചിട്ടില്ല. അതിനാൽ ഗവേഷണത്തിനടക്കം കേന്ദ്ര സർക്കാരിന്റെ വിവിധ ഗ്രാന്റുകൾ ലഭിക്കുന്നില്ല. യു.ജി.സി അംഗീകരിച്ചിട്ടുള്ള അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1: 20 ആണെങ്കിലും വാഴ്സിറ്റിയിൽ നിലവിൽ 1:10 എന്ന അനുപാതത്തിലാണ് അദ്ധ്യാപകരുള്ളത്. പുതിയ നിയമനങ്ങൾ കൂടി നടത്തിയാൽ അനുപാതം 1:5 ആവും.
സർവകലാശാല ചട്ടങ്ങളിൽ അദ്ധ്യാപക നിയമനങ്ങൾക്ക് സംവരണം പാലിക്കണമെന്ന വകുപ്പ് ഇല്ല. കേരളാ സർവീസ് ചട്ടം ബാധകമായതുകൊണ്ട് സംവരണം പാലിക്കണമെന്ന വ്യവസ്ഥ യൂണിവേഴ്സിറ്റി ബോധപൂർവം ഒഴിവാക്കുകയാണ്. അദ്ധ്യാപക നിയമനങ്ങൾ കൂട്ടത്തോടെ നടത്താനുള്ള യൂണിവേഴ്സിറ്റി ഭരണസമിതി തീരുമാനം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.