
അന്തരിച്ച ഡോ. അനി എസ്.ദാസിനെക്കുറിച്ച് വി.സി ഡോ. ബി.അശോകിന്റെ ഓർമ്മക്കുറിപ്പ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ദൂരദർശനിലെ ലൈവ് പരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ച കാർഷിക സർവകലാശാല പ്രൊഫസറും പ്ലാനിംഗ് ഡയറക്ടറുമായ ഡോ. അനി എസ്.ദാസുമായുള്ള അവസാന കൂടിക്കാഴ്ച വാഴ്സിറ്റി വി.സിയും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ബി.അശോകിന് നീറുന്ന ഓർമ്മയാണ്. 1991 മുതൽ ഇരുവരും പരിചയക്കാരാണ്. മരണത്തിന് മുൻപുള്ള കൂടിക്കാഴ്ചയുടെ കഥ ആരുടെയും കണ്ണുനനയിക്കും.
''വെള്ളിയാഴ്ച രാവിലെ 9ന് തുടങ്ങിയ സർവകലാശാല ജനറൽ കൗൺസിൽ ഓൺലൈൻ യോഗം തീർന്നപ്പോൾ ഉച്ചയ്ക്ക് 12 ആയി. ഉച്ചഭക്ഷണം ഒരുമിച്ച് കഴിക്കാമെന്ന് വാട്സ്ആപ്പിൽ അനിയുടെ സന്ദേശമെത്തി. നിരവധി തവണ തൃശൂരിലും തിരുവനന്തപുരത്തുമൊക്കെ ഭക്ഷണത്തിനു വിളിച്ചിട്ടുണ്ടെങ്കിലും ഒരു കപ്പ് ചായപോലും ഒന്നിച്ചു കഴിച്ചിട്ടില്ല. വ്യാഴാഴ്ച വിഴിഞ്ഞത്ത് ഉദ്ഘാടനം ചെയ്ത മത്സ്യഫെഡ് ഹോട്ടലിൽ പോകാൻ അനിയെ വിളിച്ചു. സെക്രട്ടേറിയറ്റിൽ നിന്ന് കാറിൽ വിഴിഞ്ഞത്തേക്ക്. ഊണിനിടെ വെയ്റ്റർ രണ്ടാമത് ചോറു വിളമ്പിയപ്പോൾ അനി പറഞ്ഞു 'എനിക്കു മതി". നിർബന്ധിച്ചപ്പോൾ ഒരല്പം കൂടി കഴിച്ചു. നിർബന്ധിച്ച് ഞാൻ തന്നെ ബില്ല് കൊടുത്തു. മടക്കയാത്രയിൽ സർവകലാശാലയുടെയും കോഴ്സുകളുടെയും ഭാവിയെക്കുറിച്ച് അനി പറഞ്ഞുകൊണ്ടിരുന്നു. യാതൊരു അസ്വസ്ഥതയും കണ്ടില്ല.
ചില രേഖകൾ ഓഫീസിൽ കൊണ്ടുതന്നശേഷം മൂന്നു മണിക്കാണ് അനി യാത്ര പറഞ്ഞുപോയത്. ഉച്ചഭക്ഷണം കഴിഞ്ഞതേയുള്ളൂ, ചായ തരുന്നില്ലെന്നു ഞാൻ തമാശയായി പറഞ്ഞു. ഇനിയെന്തുചായ! കുടപ്പനക്കുന്നിൽ പരിപാടിയുണ്ട് എന്നു പറഞ്ഞു ചിരിച്ചുകൊണ്ട് ഇറങ്ങിപോയി. 6.59ന് സർവകലാശാല എക്സ്റ്റൻഷൻ ഡയറക്ടർ ജേക്കബ് ഫോണിൽ പറഞ്ഞു ''നമ്മുടെ അനി പോയി സാറേ..."" ''പോയിക്കാണും ഞങ്ങൾ കണ്ടിരുന്നു, കുടപ്പനക്കുന്നിൽപ്പോയി, തൃശ്ശൂർക്ക് മടങ്ങിക്കാണും..."" ഇതായിരുന്നു എന്റെ മറുപടി. അനി മരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ. ''കുടപ്പനക്കുന്നിൽ വച്ച് ലൈവ് പരിപാടിക്കിടെ കുഴഞ്ഞു വീണു. അറ്റാക്കാണെന്നു തോന്നുന്നു.""- വിശദീകരണം കേട്ടപ്പോഴേക്കും കുഴഞ്ഞുപോയി. ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ എന്നെ കാണാൻ വന്നു. വർഷങ്ങളോളം ഞങ്ങൾ മാറ്റി വച്ച ലഞ്ച് ഒന്നിച്ചു കഴിച്ചു. ചായ വേണ്ടെന്നു വച്ച് യാത്ര പറയാതെ മടങ്ങി...""