പൂവാർ: മത്സ്യത്തൊഴിലാളികൾക്കായി രൂപീകരിച്ച പഞ്ഞമാസ ആശ്വാസ സമ്പാദ്യ പദ്ധതിയുടെ അംശാദായം അടയ്ക്കാൻ അവകാശികളെ അനുവധിക്കണമെന്നും കാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന ധനസഹായം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ഫിഷറീസ് വകുപ്പ് മന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ അടിമലത്തുറ ഡി. ക്രിസ്തുദാസ് ആവശ്യപ്പെട്ടു. സമൃദ്ധിയുടെ നാളുകളിൽ മത്സ്യത്തൊഴിലാളികൾ ഓരോ മാസവും 500 രൂപ വീതം പദ്ധതി പ്രകാരം അടയ്ക്കേണ്ടതുണ്ട്. തുടർച്ചയായി മൂന്ന് മാസംകൊണ്ട് 1500 രൂപ അടയ്ക്കണം. അതിനോടൊപ്പം കേരള സർക്കാർ 1500 രൂപയും. കേന്ദ്ര ഫിഷറീസ് മന്ത്രാലയം 1500 രൂപയും വിഹിതം ചേർത്ത് 4500 രൂപയാണ് പഞ്ഞമാസക്കാലത്ത് ആശ്വാസ ധനസഹായം നൽകുന്നത്. ആഴ്ചകൾ ഉൾക്കടലിൽ തങ്ങുന്ന മത്സ്യതൊഴിലാളികൾക്ക് നേരിട്ടെത്തി തുക അടയ്ക്കാൻ കഴിയാതാകുമ്പോൾ പലരും പദ്ധതിയുടെ ഗുണഫലം ലഭിക്കാതെ പുറത്താവുകയാണ്. ഈ അവസ്ഥ പരിഹരിക്കാൻ അവകാശികളെ അനുവദിക്കണമെന്നും വീഴ്ച വന്നാൽ ഒന്നിച്ചടയ്ക്കാൻ അവസരമൊരുക്കണമെന്നും മത്സ്യതൊഴിലാളി യൂണിയൻ നേതാവ് അടിമലത്തുറ ഡി ക്രിസ്തുദാസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.