
തിരുവനന്തപുരം:റേഷൻ ട്രാൻസ്‌പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ റേഷൻ കടകളിലേക്കും എഫ്.സി.ഐ ഗോഡൗണുകളിലേക്കുമുള്ള ധാന്യവിതരണം മുടങ്ങി. ഏതാനും ദിവസത്തെ സ്റ്റോക്ക് മാത്രമാണ് റേഷൻ കടകളിലുള്ളത്. സമരം നീണ്ടാൽ റേഷൻ മുടങ്ങും.
റേഷൻ സാധനങ്ങൾ വിതരണം ചെയ്ത വകയിൽ കരാറുകാർക്ക് 100 കോടിയോളം രൂപയാണ് സർക്കാർ നൽകാനുള്ളത്. അതിൽ 34 കോടിയെങ്കിലും നൽകണമെന്നാണ് കരാറുകാരുടെ അസോസിയേഷന്റെ ആവശ്യം.
കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷൻ സാധനങ്ങളുടെ കടത്തു ചെലവായി കരാറുകാർക്ക് സർക്കാർ നൽകേണ്ടത് 26-30 കോടിയാണ്. ഇതിൽ പത്ത് ശതമാനം ഓഡിറ്റ് പൂർത്തിയാകുമ്പോഴേ നൽകൂ. ബാക്കി 90 ശതമാനമാണ് കരാറുകാർക്ക് അനുവദിക്കുന്നത്. 2021 മുതൽ ഈ പത്ത് ശതമാനം നൽകുന്നില്ല. ഓഡിറ്റ് പൂർത്തിയായില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്ന കാരണം. പുറമെയാണ് സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള തുകയും കിട്ടാതായത്. പണം ലഭിക്കാതായതോടെ ചുമട്ടുതൊഴിലാളികൾ, വാതിൽപടി ഇറക്കു തൊഴിലാളികൾ, ഇന്ധനം നൽകുന്ന പമ്പുടമകൾ, ഡ്രൈവർമാർ എന്നിവർക്ക് മാസങ്ങളായി പണം നൽകിയിട്ടില്ല. കരാറുകാരിൽ പലരും ബാങ്ക് വായ്പ എടുത്താണ് വാതിൽപ്പടി വിതരണം നടത്തിയത്. പണം ലഭിക്കാതെ വന്നതോടെ അവർ ജപ്തി ഭീഷണിയിലാണ്.
കഴിഞ്ഞ മാസം അനിശ്ചിതകാല സമരത്തിന് തീരുമാനിച്ചെങ്കിലും സപ്ലൈകോ സി.എം.ഡിയുടെ ചർച്ചയുടെ അടിസ്ഥാനത്തിൽ പിന്മാറി. സെപ്തംബർ, ഒക്ടോബർ, നവംബർ കുടിശ്ശിക ഡിസംബർ 27നകം നൽകുമെന്ന ഉറപ്പിലായിരുന്നു പിന്മാറ്റം. എന്നാൽ 14 കോടി മാത്രമാണ് അനുവദിച്ചത്. ബാക്കി ജനുവരി 10ന് നൽകാമെന്ന് അറിയിച്ചെങ്കിലും പണം കിട്ടിയില്ല. അതോടെയാണ് സമരം ആരംഭിച്ചത്.
''പണം നൽകുമെന്ന മന്ത്രിയുടേയും സി.എം.ഡിയുടേയും ഉറപ്പിലാണ് ജനുവരിയിലെ 50% വിതരണവും പൂർത്തിയാക്കിയത്. വ്യാഴാഴ്ച വരെ ഞങ്ങൾ സമയം നൽകി. ക്ഷേമനിധി ബോർഡിന്റെ അന്യായമായ പലിശയും റവന്യു റിക്കവറി നടപടികളും നേരിടുകയാണ്.''
ഫഹദ് ബിൻ ഇസ്മയിൽ (കേരള ട്രാൻസ്‌പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (എൻ.എഫ്.എസ്.എ)
സപ്ലൈകോ: 37.14 കോടി കുടിശ്ശികയെന്ന് ധനവകുപ്പ്
തിരുവനന്തപുരം: റേഷൻ സാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് സപ്ലൈകോയ്ക്കു ചെലവായ 37.14 കോടി രൂപ കുടിശ്ശിക നൽകാനുണ്ടെന്ന് അംഗീകരിച്ച് ധനവകുപ്പിന്റെ ഉത്തരവ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെ ഈ ആവശ്യത്തിനു സപ്ലൈകോയുടെ തനതുഫണ്ടിൽ നിന്നു തുക ചെലവിട്ടിരുന്നു. നവംബറിൽ ധനവകുപ്പ് തുക അനുവദിച്ചെങ്കിലും പുതുതായി വിഹിതം നൽകുന്നെന്നായിരുന്നു നേരത്തെയുള്ള ഉത്തരവിലെ പരാമർശം. ഇതിനെ സപ്ലൈകോയും ഭക്ഷ്യ പൊതുവിതരണ വകുപ്പും എതിർത്തതോടെ അത് തിരുത്തി കഴിഞ്ഞ ദിവസം പുതിയത് പുറത്തിറക്കി.
കമ്മിഷൻ തുക ഉടൻ; സമരം പിൻവലിക്കണമെന്ന് മന്ത്രിഅനിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം തടസപ്പെടുത്തുന്ന രീതിയിൽ ഒരു വിഭാഗം കോൺട്രാക്ടർമാർ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് റേഷൻ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ജനുവരി മാസത്തെ 75 ശതമാനം റേഷൻ വിഹിതവും കടകളിൽ എത്തിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ച് വരെ മാത്രം 2.20 ലക്ഷം കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഇതുൾപ്പെടെ ഈ മാസം 33 ലക്ഷം കാർഡുടമകൾ റേഷൻ കൈപ്പറ്റി. ട്രാൻസ്‌പോർട്ടേഷൻ കോൺട്രാക്ടർമാർക്ക് 2023 സെപ്തംബർ വരെയുള്ള കമ്മിഷൻ പൂർണ്ണമായും നവംബറിലെ കമ്മിഷൻ ഭാഗികമായും നൽകിയിട്ടുണ്ട്. നവംബറിലെ കുടിശ്ശികയും ഡിസംബറിലെ കമ്മിഷൻ പൂർണ്ണമായും നൽകുന്നതിന് 38 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. വസ്തുത മനസിലാക്കി സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.