കല്ലറ: സ്കൂളിൽ നിന്നും മരം മുറിച്ചു കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പി.ടി.എ പ്രസിഡന്റ് ഉൾപ്പടെ മൂന്നു പേർക്ക് എതിരെ പാങ്ങോട് പൊലീസ് കേസെടുത്തു. പി.ടി.എ പ്രസിഡന്റ് രാജേഷ്, കരാറുകാരൻ ബുഹാരി, വാഹനത്തിന്റെ ഡ്രൈവർ രഞ്ചിത്ത് എന്നിവർക്കെതിരെയാണ് കേസ്. മിതൃമല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിട നിർമ്മാണത്തിനായി അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കെട്ടിടം നിർമ്മിക്കാൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് തടസം സൃഷ്ടിക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ പ്രിൻസിപ്പൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കത്ത് നൽകുകയും തടസം നിൽക്കുന്ന മരങ്ങൾ മുറിക്കാൻ അനുമതി നൽകുകയും ചെയ്തു. തുടർന്ന് വില നിശ്ചയിച്ച് മരം മുറിക്കാൻ കരാറുകാരനെ ഏൽപിക്കുകയും ചെയ്തു. എന്നാൽ കെട്ടിടത്തിന് തടസമാകാത്ത മരങ്ങൾ വരെ മുറിച്ചു മാറ്റുകയായിരുന്നു. 2022 ഒക്ടോബർ 2 നായിരുന്നു സംഭവം. തുടർന്ന് മുതുവിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ശ്രീലാൽ പാങ്ങോട് പൊലീസിലും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും കേസെടുക്കാത്തതിനാൽ കോടതിയെ സമീപിച്ചു. കോടതിയുടെ നിർദ്ദേശ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.