nayam

തിരുവനന്തപുരം: ജനുവരി 25ന് നടക്കുന്ന നിയമസഭ ബഡ്ജറ്റ് സമ്മേളനത്തിലേക്കുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അടുത്ത മന്ത്രിസഭാ യോഗം അംഗീകരിച്ച് ഗവർണർക്ക് കൈമാറും. കരട് പ്രസംഗം ഗവർണർ അംഗീകരിക്കേണ്ടതുണ്ട്. നയപ്രഖ്യാപനം അംഗീകരിക്കാതിരിക്കുകയും ഒപ്പിടാൻ ഉപാധി വയ്ക്കുകയും ചെയ്ത മുൻകാല ചരിത്രം ആരിഫ് മുഹമ്മദ് ഖാനുണ്ട്. 2022ലായിരുന്നു സംഭവം. മന്ത്രിമാരുടെ പെഴ്സണൽ സ്റ്റാഫിന് ഖജനാവിൽ നിന്ന് പെൻഷൻ നൽകുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു ഉപാധി. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതിരുന്ന ഗവർണർ, അസാധാരണമായ ഭരണഘടനാപ്രതിസന്ധിയുണ്ടാവുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. ഏഴര മണിക്കൂർ സർക്കാരിനെ മുൾമുനയിൽ നിറുത്തിയ ശേഷമാണ് ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രത്തിനും ഗവർണർക്കുമെതിരായ പരാമർശങ്ങൾ നിറഞ്ഞതായിരിക്കും ഇത്തവണത്തെ നയപ്രഖ്യാപനം. ഇത് ഗവർണർ വായിക്കുമോ എന്നതിലാണ് ആശങ്ക. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതും, വി.സി നിയമനങ്ങൾ നടത്താനാവാത്തതുമെല്ലാം ഗവർണർക്കെതിരായും ചൂണ്ടിക്കാട്ടിയേക്കാം. 25ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന്റെ തുടക്കം. 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഫെബ്രുവരി 1, 2 തീയതികളിൽ ബില്ലുകളും മറ്റും പരിഗണിക്കും. ഫെബ്രുവരി 5നാണ് സംസ്ഥാന ബഡ്ജറ്റ്. 6 മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 14 വരെ ബഡ്ജറ്റിന്മേലുള്ള പൊതുചർച്ച. 15 മുതൽ 25 വരെ സഭ താൽക്കാലികമായി നിറുത്തി വയ്ക്കും. 26നു പുനരാരംഭിക്കുന്ന സമ്മേളനം സമ്പൂർണ ബഡ്ജറ്റ് പാസാക്കുന്ന നടപടികളിലേക്കു കടക്കും. ബഡ്ജറ്റ് പാസാക്കിയ ശേഷം മാർച്ച് 27ന് സമാപിക്കും.