
ആലപ്പുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും മൊബൈൽഫോണും പിടിച്ചുപറിച്ച കേസിലെ ഏഴു പ്രതികൾ അറസ്റ്റിലായി. ആലപ്പുഴ ആറാട്ടുവഴി സ്വദേശിയായ 22 വയസ്സുള്ള യുവാവിനെ ഡിസംബർ 23ന് വെളുപ്പിന് 2.30ന് ചേർത്തല റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നും കാറിൽ ബലമായി പിടിച്ചുവലിച്ചു കയറ്റി എറണാകുളം കാക്കനാട് ഭാഗത്ത് കൊണ്ടുപോയി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി പണവും മൊബൈൽഫോണും പിടിച്ചുപറിക്കുകയും രണ്ടാം പ്രതിയായ സ്ത്രീയുടെ കൂടെനിർത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ആലുവ ചൂർണിക്കര തായിക്കാട്ടുകര
പഴയപറമ്പ് വീട്ടിൽ അബ്ദുൽജലീൽ (34), കൊല്ലം കരുനാഗപ്പള്ളി ശിവഭവനം വീട്ടിൽ കല്യാണി (20), ആലുവ ചൂർണിക്കര തായിക്കാട്ടുകര ബാര്യത്ത് വീട്ടിൽ ജലാലുദ്ദീൻ (35), പാലക്കാട് വാണിയംകുളം കുന്നുംപറമ്പ് വീട്ടിൽ മഞ്ജു (25), എറണാകുളം പള്ളുരുത്തി കല്ലുപുരയ്ക്കൽ വീട്ടിൽ നിന്നും ആലുവ
കുന്നത്തുകാരിയിൽ വാടകയ്ക്ക് താമസിക്കുന്ന അൽത്താഫ് (29), ആലുവ ചൂർണിക്കര തായിക്കാട്ടുകര പി മാഞ്ഞാലിവീട്ടിൽ മുഹമ്മദ് റംഷാദ് (25), തായിക്കാട്ടുകര തച്ചാവള്ളത്ത് വീട്ടിൽ ഫൈസൽ (32)
എന്നിവരാണ് പിടിയിലായത്. ചേർത്തല ഡിവൈ.എസ്.പി കെ.വി.ബെന്നി, ചേർത്തല സി.ഐ ബി.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. എസ്.ഐ കെ.പി.അനിൽകുമാർ , സീനിയർ സി.പി.ഒമാരായ സതീഷ് , ഗിരീഷ്, അരുൺകുമാർ, പ്രവീഷ്, സി.പി.ഒമാരായ രഞ്ജിത്ത്, പ്രതിഭ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.