
തിരുവനന്തപുരം: ഓൾ ഇന്ത്യാ റെയിൽവേമെൻസ് ഫെഡറേഷന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്നുവന്ന നാലു ദിവസത്തെ ഉപവാസ സമരത്തിന്റെ ഭാഗമായി എസ്.ആർ.എം.യു.വിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഡിവിഷണൽ ഓഫീസിന് മുന്നിൽ നടത്തിയ സമരം സമാപിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി.നാരങ്ങാനീരു നൽകി.നാഷണൽ പെൻഷൻ സ്കീം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. കേന്ദ്ര സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജീവനക്കാർ അനിശ്ചിതകാലസമരം അടക്കമുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി.സമാപന സമ്മേളനത്തിൽ എൻ .കെ പ്രേമചന്ദ്രൻ എം.പി,മുഖ്യപ്രഭാഷണം നടത്തി.പന്ന്യൻ രവീന്ദ്രൻ,എസ്.ആർ.എം.യു അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ജി.ലക്ഷ്മണൻ എന്നിവർ അഭിവാദ്യം ചെയ്തു. എസ്.ആർ.എം.യു.ഡിവിഷണൽ സെക്രട്ടറി എസ്.ഗോപീകൃഷ്ണ,അസിസ്റ്റന്റ് ജനറൽ സെക്രട്ടറി വി.അനിൽകുമാർ, ഡിവിഷണൽ നേതാക്കളായ കെ.ജി.സുനിൽകുമാർ,കെ.സി.സതീഷ് കുമാർ,പി.ഐ.സെബാസ്റ്റ്യൻ,എസ്.ഗിരീഷ്‌കുമാർ തുടങ്ങിയവരും പങ്കെടുത്തു.