നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് കേസുകളിലായി 75 ലക്ഷം രൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ പിടിയിലായി.
എൽ.ഇ.ഡി ലാമ്പിനകത്തും മറ്റുമായി ഒളിപ്പിച്ചു കൊണ്ടുവന്ന 38 ലക്ഷം രൂപയുടെ സ്വർണവുമായി കോഴിക്കോട് സ്വദേശി അഫ്‌സലാണ് പിടിയിലായ മലയാളി. കുവൈറ്റിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കൊച്ചിയിലെത്തിയത്. എൽ.ഇ.ഡി ബൾബിനകത്ത് 498 ഗ്രാം സ്വർണമാണ് ഘടിപ്പിച്ചുവച്ചത്. വിശദമായ പരിശോധനയിൽ ഇയാളുടെ അടിവസ്ത്രത്തിൽ നിന്നും 28 ഗ്രാം സ്വർണ ചെയിനുകളും കണ്ടെത്തി. ആകെ 677 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.
റോമിൽ നിന്നും ദോഹ വഴി ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലെത്തിയ കൊച്ചി ചെല്ലാർകോയിൽ സോബി പ്രിൻസിൽ നിന്നും 36.7 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ഇവരുടെ ലഗേജിനകത്തെ നിവിയ ക്രീമിനകത്താണ് നാല് വളകളുടെ രൂപത്തിലാക്കി 640 ഗ്രാം സ്വർണം ഒളിപ്പിച്ചിരുന്നത്.