nasar

കിഴക്കമ്പലം: മദ്യ ലഹരിയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച കേസിൽ പട്ടിമറ്റം ചെങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന അബ്ദുൾ നാസറിനെ (39) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മനോട് ചൂരക്കോട് മാവിൻചുവട്ടിൽ ബാർബർ ഷോപ്പ് നടത്തുന്ന ഇയാൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ കുമ്മനോട് ഗവ. യു.പി സ്കൂളിനടുത്തുള്ള വീട്ടിലാണ് ഓടി​ക്കയറി​യത്.

യുവതിയുടെ സ്വകാര്യ കമ്പനിയിൽ ജോലി​ ചെയ്യുന്ന ഭർത്താവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. യുവതി ബഹളം വച്ചതോടെ മൊബൈലിൽ യുവതിയുടെ വീഡിയോ ഷൂട്ട് ചെയ്ത ശേഷം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ വീടിനു പുറത്തിറങ്ങി യുവതി ഒച്ചവച്ചപ്പോൾ സംഭവ സ്ഥലത്തു നിന്നും ഇയാൾ ഓടി രക്ഷപ്പെട്ടു. കുന്നത്തുനാട് പൊലീസിനെ ആക്രമിച്ച കേസിലും പട്ടിമറ്റം എസ്.ബി.ഐയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉപഭോക്താക്കളെ അക്രമിക്കാൻ ശ്രമിക്കുകയും മാനേജറുടെ കാർ തല്ലി തകർക്കുകയും ചെയ്ത കേസിലും പെരുമ്പാവൂർ കെ.എസ്.ആർ.ടി. സി സ്റ്റാൻഡിനടുത്തുള്ള ബാറിൽ മദ്യപിച്ച പണം ചോദിച്ചത് സംബന്ധിച്ച തർക്കത്തിൽ ബാർ തല്ലിപ്പൊളിച്ച കേസിലും പ്രതിയാണ് ഇയാൾ. യുവതി പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ചെങ്ങര വാടകയ്ക്ക് താമസിക്കുന്ന വീടൊഴിഞ്ഞ് നാടു വിടാനൊരുങ്ങിയ ഇയാളെ സാഹസി​കമായാണ് പൊലീസ് കീഴടക്കിയത്. പൊലീസ് ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്.ഐമാരായ സനീഷ്, നിസാർ എന്നിവർ നേതൃത്വം നൽകി. കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.