അളഗപ്പനഗർ : പച്ചളിപ്പുറത്ത് വീടുകൾ ആക്രമിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കാപ്പാ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മുരുകനെന്ന് വിളിക്കുന്ന അറക്കൽ വിശാഖ്, മോനു എന്ന് വിളിക്കുന്ന കിഴക്കൂട്ട് ചന്ദ്രൻ, ചെറുശ്ശേരി സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് ബുധനാഴ്ചയും വ്യാഴാഴ്ചയും രാത്രിയിൽ വീടുകൾ ആക്രമിച്ചും ആളുകളെ ഭീഷണിപെടുത്തിയും ഭീകരത സൃഷ്ടിച്ചത്. അളഗപ്പനഗർ പഞ്ചായത്ത് അംഗം പി.എസ്.പ്രീജു, കിഴക്കൂട്ട് പ്രദീപ്, പള്ളിപ്പാമഠത്തിൽ നിധീഷ്, ചീരമ്പത്ത് സുനിൽ എന്നിവരുടെ വീടുകളിലാണ് ആക്രമണം നടന്നത്.

സുനിയുടെ ഭാര്യയുടെയും മകളുടെയും കഴുത്തിൽ അക്രമികൾ വടിവാൾ വച്ച് ഭീഷണിപ്പെടുത്തി. മറ്റുള്ളവരുടെ വീട്ടിലെ ജനൽ, വാതിൽ എന്നിവ വടിവാളും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് അടിച്ച് തകർത്തു. വിശാഖ് എന്ന മുരുകനെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ സന്തോഷും പൊലീസ് കസ്റ്റഡിയിലുണ്ട്. ചന്ദ്രൻ ഉൾപ്പെടെ ഉള്ളവരെ പിടികിട്ടാനുണ്ട്. പച്ചളിപ്പുറം മേഖലയിൽ നിലവിലുള്ള സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രതിഷേധ പ്രകടനം നടത്തി. കൊടകര ഏരിയ സെക്രട്ടറി പി.കെ.ശിവരാമൻ, കെ.ജെ.ഡിക്‌സൻ, ഇ.കെ.അനൂപ് എന്നിവർ അക്രമണത്തിനിരയായവരുടെ വീടുകൾ സന്ദർശിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.കെ.വിനോദ്, സോജൻ ജോസഫ്, പി.വി.ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.