
കേരളത്തിന്റെ നവോത്ഥാന കവിയായ കുമാരനാശാൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്നേക്ക് നൂറുവർഷം . 1924 ജനുവരി 16ന് തൃക്കുന്നപ്പുഴയ്ക്കും തോട്ടപ്പള്ളിക്കും മദ്ധ്യേയുള്ള പല്ലന ആറ്റിൽ വച്ചുണ്ടായ ബോട്ടപകടത്തിൽപ്പെട്ടാണ് മരണം. അന്ന് അദ്ദേഹത്തിന് 51 വയസ്. ആ ബോട്ട് യാത്രയിൽ സഹയാത്രികർക്കുവേണ്ടി ആശാൻ പാതിരാവരെ കവിത ചൊല്ലി. ഇനി ഞാൻ അല്പമൊന്നുറങ്ങട്ടെ എന്നുപറഞ്ഞ് കിടക്കുകയായിരുന്നു. മരണത്തിലേക്കായിരുന്നു ആ നിദ്ര.
ആലുവയിലേക്കുള്ള യാത്രയ്ക്കാണ് ആശാൻ ബോട്ടിൽ കയറിയത്. യാത്ര പുറപ്പെടുംമുൻപ് ഗുരുദേവനെക്കണ്ട് കാര്യം പറയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഗുരുദേവൻ ധ്യാനത്തിലായിരുന്നു. ധ്യാനം കഴിഞ്ഞ് ഗുരു പുറത്തേക്കു വന്നപ്പോൾ ശിഷ്യർ പറഞ്ഞു '' ബോട്ടിന്റെ സമയമായതുകൊണ്ട് ആശാൻ പോയി."" ഗുരുദേവൻ ആകാശത്തിന്റെ അനന്തതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു '' അപ്പോ കുമാരു പോയല്ലേ...!"" ശിഷ്യർക്ക് അതിന്റെ ആന്തരികാർത്ഥം ആദ്യം പിടികിട്ടിയില്ല. എന്നാൽ പ്രഭാതം ഉണർന്നത് റെഡിമർ ബോട്ട് അപകടത്തിൽ കുമാരനാശാൻ നമ്മെ വിട്ടുപോയ വാർത്തയുമായിട്ടാണ്.
ചുവന്ന പട്ടു പുതച്ച് തങ്കവളയും അണിഞ്ഞ് ഗാംഭീര്യം തുളുമ്പുന്ന മുഖഭാവത്തോടെയിരിക്കുന്ന കുമാരനാശാന്റെ ചിത്രം പ്രസിദ്ധമാണ്. 1922 ൽ മദിരാശി സർവ്വകലാശാലയിൽ വച്ച്, ലണ്ടനിൽ നിന്നെത്തിയ വെയിൽസ് രാജകുമാരനാണ് കുമാരനാശാന് പട്ടും തങ്കവളയും നൽകി ആദരിച്ചത്. ശ്രീനാരായണ ഗുരുവും കുമാരനാശാനും തമ്മിലുള്ള അഗാധമായ ഹൃദയബന്ധം വാക്കുകൾക്ക് അതീതമാണ്.
ജാതിവ്യവസ്ഥ കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്താണ് ആശാൻ കാവ്യരംഗത്ത് എത്തിയത്. ഭാരതീയ തത്വചിന്തയുടെയും നവീന മനുഷ്യദർശനത്തിന്റെയും അടിസ്ഥാനത്തിലാണ് ജീവിതത്തെ ആശാൻ വിലയിരുത്തുന്നത്. സ്നേഹം തന്നെയാണ് സത്യം. സ്നേഹം തന്നെയാണ് ജീവിതമെന്നും, സ്നേഹനാശം മരണം തന്നെയാണെന്നും കവി പറയുന്നു.