തിരുവനന്തപുരം:ലോകത്ത് ആദ്യമായി ഞാനും ദൈവവും ഒന്നാണെന്ന് പറഞ്ഞത് ഭാരതീയരാണെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. രണ്ടാമത് പഞ്ചമിദേവി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഞാൻ ദേവിയെപ്പറ്റി എഴുതിയതിന്റെ ഫലമായാണ് എനിക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതെന്ന് കരുതുന്നു. ക്ഷേത്രം എന്നു പറഞ്ഞാൽ നമ്മുടെ ശരീരം എന്നാണ്. മനുഷ്യൻ തന്നെയാണ് ദൈവം.നമ്മുടെ സംസ്കാരം നമ്മളെ പഠിപ്പിക്കുന്നത് നീ സ്വയം അറിയുക നീ ആരാണെന്നാണ്. അതിനുള്ള ഉപാധികളാണ് എല്ലാ ദേവാലയങ്ങളും. ഇതാണ് നമ്മെ പഠിപ്പിക്കേണ്ടത്. അതുകൊണ്ട് അഹങ്കരിക്കരുത്. ഏത് സമയത്ത് നമ്മുടെ ആത്മാവ് നമ്മെളെ വിട്ടുപോകുമെന്ന് അറിയില്ല. ലളിതമായ ദർശനമാണ് ക്ഷേത്രങ്ങൾ നൽകുന്നത്. എന്തെല്ലാം നേടിയാലും എപ്പോഴും മനസ് വ്യാകുലമായിരിക്കും.അതിനുവേണ്ടിയുള്ള ആശ്രയ സ്ഥാനമാണ് ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു.ദേവിയെ സ്തുതിച്ചുകൊണ്ട് അദ്ദേഹം എഴുതിയ മൂന്ന് പാട്ടുകളുടെ രണ്ട് വരികളും സദസിൽ അദ്ദേഹം പാടി.

മനുഷ്യന്റെ വേദനകളും ദുഃഖങ്ങളും ഇറക്കിവയ്ക്കാനുള്ള അത്താണിയായി ആരാധനാലയങ്ങൾ മാറിയെന്ന് പഞ്ചമി ദേവീ ക്ഷേത്രത്തിലെ സാംസ്കാരിക സമ്മേളനവും പഞ്ചമീ ദേവി പുരസ്കാര സമർപ്പണ ചടങ്ങും ഉദ്ഘാടനം ചെയ്ത് കടകംപ്പള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങളിൽ ഇന്നും ജനത്തിരിക്കേറുന്നുണ്ട്. അവരുടെ ദുഃഖങ്ങളും വിഷമങ്ങളും പറയാൻ വേണ്ടിയാണിത്. ശ്രീകുമാരൻ തമ്പിയെ വിശേഷിപ്പിക്കുന്നത് അസാദ്ധ്യമാണ്. 84 വയസ് മാർച്ച് 16ന് പൂർത്തീകരിക്കുന്ന അദ്ദേഹത്തിന് കലാകേരളം വലിയൊരു ആദരവ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആർട്ടിസ്റ്റ് പൂവാർ ദേവദാസ് ഉണ്ടാക്കിയ ശില്പവും 50000 രൂപയും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ശ്രീകുമാരൻ തമ്പിക്ക് കൈമാറി.ചടങ്ങിൽ ശ്രീപഞ്ചമി ദേവീക്ഷേത്രം പ്രസിഡന്റ് സി.കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്ര സെക്രട്ടറി കെ.ശശിധരൻ സ്വാഗതം പറ‌ഞ്ഞു.നിരൂപകൻ ടി.പി ശാസ്തമംഗലം ശ്രീകുമാരൻ തമ്പിയെ പരിചയപ്പെടുത്തി.ശ്രീപഞ്ചമി ദേവീക്ഷേത്രം ജോയിന്റ് സെക്രട്ടറി ആർ.രാജീവ് പ്രശംസ പത്രം വായിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥപതി ഡോ.കെ മുരളീധരൻ നായർ പ്രശംസാപത്രസമർപ്പണം നടത്തി.വിദ്യാർത്ഥികളുടെ അക്കാഡമിക്ക് മികവിനുള്ള പുരസ്കാരം മുൻ മന്ത്രി പന്തളം സുധാകരൻ വിതരണം ചെയ്തു.ഒരു കൈ സഹായം പദ്ധതി കൗൺസിലർ പി. അശോക് കുമാർ വിതരണം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം റിയാലിറ്റി ഷോ താരം ശോഭാവിശ്വനാഥ് നിർവഹിച്ചു. ക്ഷേത്ര വൈസ് പ്രസിഡന്റ് വി.ബാബു നന്ദി പറഞ്ഞു.കൗൺസിലർ ഗോപകുമാർ,ശ്രീലക്ഷമി .എസ് തുടങ്ങിയവർ പങ്കെടുത്തു.