
തിരുവനന്തപുരം:അടുക്കളയിലും അരങ്ങിലും രാജ്യത്താകെ വനിതകളുടെ സ്റ്റാർട്ടപ്പ് വസന്തം വിടരുന്നു. അഞ്ച് വർഷത്തിനിടെ വനിതാ സംരംഭങ്ങളിൽ രാജ്യത്ത് 18 ശതമാനം വർദ്ധന. 2017ൽ 600 സ്റ്റാർട്ടപ്പുകൾ. 2023ൽ 14,400 ആയി. വിമൻ ഇൻ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിന്റെ (വൈസർ) റിപ്പോർട്ടിലാണ് ഈ വിവരം.
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് സ്റ്റാർട്ടപ്പുകൾ കൂടുതലും. കേരളത്തിൽ വനിതാസംരംഭങ്ങൾ 2022ൽ 175 ആയിരുന്നത് 350ലേറെയായി. സംരംഭങ്ങൾക്കുള്ള ധനസഹായവും 20% വർദ്ധിച്ചു.
വീട്ടിലെ അടുക്കളയിൽ പാചകം ചെയ്യുന്ന ഭക്ഷണം വിൽക്കുന്ന ക്ലൗഡ് കിച്ചൻ ട്രെൻഡായി. എ.ഐ സംരംഭങ്ങളിലും സ്ത്രീ മുന്നേറ്റമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 1.73 കോടിയുടെ പിന്തുണ കേരള സ്റ്റാർട്ടപ്പ് മിഷൻ നൽകിയിരുന്നു. വി-സ്റ്റാർട്ട്, വി-ഗ്രോ, വി-സമ്മിറ്റ് തുടങ്ങിയ മെന്റർഷിപ്പ് പരിപാടികൾ വഴിത്തിരിവാകുന്നുണ്ട്. വനിതകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളിൽ വനിതാ ജീവനക്കാരാണ് കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു. കോളേജുകളിലും സ്കൂളുകളിലും ഇൻകുബേഷൻ സൗകര്യവും വളരുന്നു.
രാജ്യത്ത്
വർഷം-------------ആകെ സ്റ്റാർട്ടപ്പ്------------വനിതാ സ്റ്റാർട്ടപ്പ്
2017-----------------------6000-------------------------------600
2023---------------------80,000---------------------------14,400
കേരളത്തിൽ
സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത 5,000 സ്റ്റാർട്ടപ്പുകളിൽ 350 വനിതാ സ്റ്റാർട്ടപ്പുകൾ
സ്റ്റാർട്ടപ്പ് തുടങ്ങാൻ
സംരംഭത്തെ കുറിച്ച് പഠിക്കുക. സാദ്ധ്യതകൾ, എവിടെ ആരംഭിക്കും, എത്ര ഉപഭോക്താക്കൾ എന്നിവ ഉറപ്പാക്കുക
പ്രൈവറ്റ് ലിമിറ്റഡ് ആയോ ലിമിറ്റഡ് ലയബിലിറ്റി ആയോ കോർപ്പറേറ്റ് മന്ത്രാലയത്തിൽ കമ്പനി രജിസ്റ്റർ ചെയ്യണം
കേന്ദ്രത്തിന്റെ സർട്ടിഫിക്കറ്റ് വഴി കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്യാം
അവിടെ നിന്ന് ഒരു യുണീക്ക് ഐഡി ലഭിക്കും
ആനുകൂല്യങ്ങളും ധനസഹായങ്ങളും ലഭിക്കാൻ ഇത് ഉപകാരപ്പെടും
രജിസ്റ്റർ ചെയ്ത് 10 വർഷത്തിൽ താഴെയുള്ള കമ്പനികളെയാണ് സ്റ്റാർട്ടപ്പായി കണക്കാക്കുന്നത്.
പദ്ധതികൾ
കേന്ദ്രത്തിന്റെ മുദ്ര യോജന വഴി 10 ലക്ഷം വരെ
കേരള സ്റ്റാർട്ടപ്പ് മിഷന്റെ സോഫ്റ്റ് ലോൺ 15 ലക്ഷം വരെ
സർക്കാർ ജോലിയാണ് ഏറ്റവും വലുതെന്ന കാലം കഴിഞ്ഞു. സ്വന്തം അദ്ധ്വാനത്തിലൂടെ നല്ല വരുമാനം നേടുന്നുണ്ട്.
അഞ്ജന കൃഷ്ണ, ടേസ്റ്റ് ബഡ്‌സ് ക്ലൗഡ് കിച്ചൺ സ്ഥാപക