
തിരുവനന്തപുരം: എക്സാലോജിക്കിനെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായതിനാലാണ് നടപടികളെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രതിപക്ഷ പാർട്ടികൾക്കെതിരെയും അന്വേഷണങ്ങളുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിതെന്നും ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബേജാറാകാൻ ഒന്നുമില്ലാത്തതിനാൽ അന്വേഷണത്തെ ഭയക്കുന്നില്ല. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ അന്വേഷണത്തിൽ പാർട്ടി പ്രതികൂട്ടിലാകില്ല. തങ്ങൾക്കെതിരെ അന്വേഷണം വരുമ്പോൾ എതിർത്തിട്ട്, മറ്റുള്ളവർക്കെതിരെയാവുമ്പോൾ സ്വാഗതം ചെയ്യുന്ന കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പാണ്.
സാഹിത്യകാരന്മാരും കലാകാരന്മാരും ഉന്നയിക്കുന്ന ക്രിയാത്മക വിമർശനങ്ങൾ കേൾക്കുന്ന പ്രസ്ഥാനമാണ് സി.പി.എം എന്ന് എം.ടിയുടെ വിമർശനവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞു. എം.ടി പറഞ്ഞത് ലോകത്തിന്റെ പൊതുചിത്രമാണ്. മാറ്റം അനിവാര്യമെങ്കിൽ സ്വീകരിക്കാൻ മടിയില്ല. ക്രിയാത്മക നിലപാടിനൊപ്പമാണ് സി.പി.എം. ഞങ്ങൾ പിടിച്ച മുയലിന് രണ്ടു കൊമ്പെന്ന സമീപനമില്ല. മാറ്റത്തിനു വിധേയമാകുന്ന പാർട്ടിയാണ് സി.പി.എം. തെറ്റു തിരുത്തൽ പ്രക്രിയ അതിന്റെ ഭാഗമാണ്. വിമർശനങ്ങളിലെ വസ്തുതകൾ എക്കാലവും നിലനിൽക്കും. 20 കൊല്ലം മുമ്പ് അദ്ദേഹം എഴുതിയത് ആരെ ഉദ്ദേശിച്ചായിരുന്നു?. അന്ന് എ.കെ. ആന്റണിയെക്കുറിച്ചാണ് എഴുതിയതെന്ന് എന്തുകൊണ്ടു പറയാനാകുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ കത്തുന്ന സൂര്യനെപ്പോലെയാണെന്ന തന്റെ പരാമർശം വ്യക്തിപൂജയല്ല. താൻ ആരെയും വ്യക്തി പൂജ നടത്തിയിട്ടില്ല. വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ല സി.പി.എം. വാചകങ്ങൾ അടർത്തിയെടുത്തു വ്യാഖ്യാനിച്ചതിലെ പിഴവാണിത്.
രാഹുൽ മാങ്കൂട്ടത്തിന്റെ നോട്ടീസ് കിട്ടിയില്ല
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്കീൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കോടതി പറഞ്ഞതാണ് താനും പരാമർശിച്ചത്. ഡിസ്ചാർജ് സർട്ടിഫിക്കറ്റിൽ ആശുപത്രിയുടെ പേരോ സീലോ ഉണ്ടായിരുന്നില്ലെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. രക്തം കട്ടപിടിക്കുന്ന രോഗം, നടുവേദന തുടങ്ങിയ കാരണങ്ങൾ രാഹുലിന്റെ വക്കീൽ വാദിച്ചപ്പോൾ കോടതിക്കു തന്നെ ആശങ്കയായി.