driving-test

തിരുവനന്തപുരം: 'എച്ച് ' മാത്രം എടുത്ത് വാഹനമോടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കാൻ ഇനി ആകില്ല. വാഹനം ഓടിച്ച്, കയറ്റത്തിലും ഇറക്കത്തിലും നിറുത്തിയും സ്റ്റാർട്ട് ചെയ്തും, കുറ്റമറ്റ രീതിയിൽ പാർക്ക് ചെയ്തും കാണിച്ചാൽ മാത്രമേ ഇനി ലൈസൻസ് കിട്ടുകയുള്ളൂ. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

വാഹനം പാർക്ക് ചെയ്യുന്നതിനായി ടെസ്റ്റ് സ്ഥലത്ത് പ്രത്യേക ബോക്സ് വരയ്ക്കും. ഇതിൽ കൃത്യമായി മുന്നിലേക്കും പിന്നിലേക്കും വശത്തേക്കും വളച്ചും തിരിച്ചും വാഹനം പാർക്ക് ചെയ്തു കാണിക്കേണ്ടി വരും. റോഡിൽ പാർക്ക് ചെയ്യുമ്പോൾ പാലിക്കേണ്ട ചിട്ടവട്ടങ്ങളും പരിശോധിക്കും. ഡ്രൈവർ പരിശീലനത്തിനും ലൈസൻസ് ടെസ്റ്റ് നടത്തുന്നതിനും കേന്ദ്രസർക്കാർ നിർദ്ദേശിച്ച അക്രെഡിറ്റഡ് ഡ്രൈവർ ട്രെയ്നിംഗ് സെന്റർ പദ്ധതി സംസ്ഥാനത്തും ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഗതാഗത വകുപ്പിൽ പുതിയ പരിഷ്‌കാരം വരുന്നത്. ഓരോ ആർ.ടി ഓഫീസ് പരിധിയിലും ഡ്രൈവിംഗ് ടെസ്റ്റിന്റെ എണ്ണം പ്രതിദിനം 20ആയി കുറയ്ക്കും. ലേണേഴ്സ് ടെസ്റ്റിലെ ചോദ്യങ്ങളുടെ എണ്ണം 30 മുതൽ 35വരെ ആക്കാനാണ് ആലോചന. 80% ഉത്തരം ശരിയായാൽ മാത്രമേ ലേണേഴ്സ് ടെസ്റ്റ് പാസാവുകയുള്ളൂ.

നിലവിൽ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയായാൽ ലേണേഴ്സ് ലൈസൻസ് ലഭിക്കും.

ഡ്രൈവിംഗ് ടെസ്റ്റ് പൂർണമായി ചിത്രീകരിക്കും. വാഹനത്തിനുള്ളിലും ക്യാമറയുണ്ടാകും. ദൃശ്യങ്ങൾ 3മാസം സൂക്ഷിക്കും. ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥൻ മോശമായി സംസാരിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ നടപടി സ്വീകരിക്കുന്നതിനു വേണ്ടിയാണിത്.