
കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ യാത്രക്കാർ വലയുന്നു. ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർ വെയിലും മഴയും സഹിച്ചാണ് നിലവിൽ ബസ് കാത്തുനിൽക്കുന്നത്. ഇവിടെ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചാൽ റെയിൽവേ യാത്രക്കാരുൾപ്പടെയുള്ളവർക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ അധികൃതർക്ക് യാത്രക്കാരും നാട്ടുകാരും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും നിവേദനം നൽകിയെങ്കിലും മാസങ്ങൾ അനവധി കഴിഞ്ഞിട്ടും അധികൃതരിൽ നിന്നും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്നാണ് യാത്രക്കാർ പറയുന്നത്. അടിയന്തരമായി ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാൻ റെയിൽവേയും എം.എൽ.എയും നടപടികൾ സ്വികരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മുൻ എം.പിക്കും എം.എൽ.എയ്ക്കും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. റെയിൽവേ യാത്രക്കാർക്ക് ഉപയോഗപ്രദമാകുന്ന കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ റെയിൽവേ സ്ഥലം വിട്ട് നൽകണം. എന്നാൽ സ്ഥലത്തിന്റെ വാടക ഒന്നിച്ച് അടയ്ക്കണമെന്ന റെയിൽവേയുടെ നിർദ്ദേശമാണ് ഇപ്പോൾ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ തടസമായി നിൽക്കുന്നത്.