asha-worker

തിരുവനന്തപുരം: പൊതുജനാരോഗ്യ മേഖലയുടെ നട്ടെല്ലായി വീടുവീടാന്തരം കയറിയിറങ്ങി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ കാൽലക്ഷത്തിലധികമുള്ള ആശാവർക്കർമാർക്ക് ഓണറേറിയം മുടങ്ങിയിട്ട് രണ്ടുമാസം. മൂന്നുമാസത്തെ ഇൻസെന്റീവും കുടിശിക. തുച്ഛമായ വരുമാനം മുടങ്ങിയതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട്.

കഴിഞ്ഞയാഴ്ച തുക അനുവദിച്ചതായി ധനവകുപ്പ് പറയുന്നുണ്ടെങ്കിലും അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് എൻ.എച്ച്.എം അധികൃതർ വ്യക്തമാക്കുന്നു. എൻ.എച്ച്.എം വഴിയാണ് ഓണറേറിയം വിതരണം ചെയ്യുന്നത്. പ്രതിമാസം 6000 രൂപയാണ് ഓണറേറിയം. അധിക ജോലിക്കുള്ള ഇൻസെന്റീവും ചേർത്ത് ഒരാൾക്ക് ശരാശരി ലഭിക്കുന്നത് 8000 രൂപ. ഓണറേറിയം സംസ്ഥാനവും ഇൻസെന്റീവ് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ചേർന്നുമാണ് നൽകുന്നത്.

മാതൃശിശു സംരക്ഷണം ഉറപ്പാക്കൽ, പ്രാഥമിക വൈദ്യസഹായം എത്തിച്ചു നൽകൽ പകർച്ചവ്യാധി പകരാതിരിക്കുന്നതിനുള്ള മുൻകരുതൽ സ്വീകരിക്കൽ, ജീവിതശൈലീ രോഗങ്ങൾ തടയുന്നതിന് സമൂഹത്തെ സജ്ജമാക്കൽ ഉൾപ്പെടെയാണ് ആശാവർക്കർമാരുടെ ദൗത്യം. കൊവിഡ് കാലത്ത് ഇവരുടെ പ്രവർത്തനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

7,000 രൂപ വാഗ്ദാനവും നടപ്പായില്ല

1.ഓണറേറിയം 7000 രൂപയായി കഴിഞ്ഞ ബഡ്ജറ്റിൽ ഉയർത്തിയെങ്കിലും നടപ്പായില്ല

2.മറ്റു പല സംസ്ഥാനങ്ങളിലും കേരളത്തെക്കാൾ കൂടുതൽ

3.മുന്നിൽ ആന്ധ്ര- 10,000 രൂപ, തെലങ്കാനയിൽ 9,750 രൂപ

ആനുകൂല്യം നൽകാതിരിക്കാനും നീക്കം

62-ാം വയസിൽ ആനുകൂല്യമൊന്നും നൽകാതെ ആശാവർക്കർമാരുടെ സേവനം അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. പ്രതിഷേധമുയർന്നതോടെ

ഉത്തരവ് പിൻവലിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.

പശ്ചിമബംഗാളിൽ വിരമിക്കുന്നവർക്ക് മൂന്നുലക്ഷവും ഹരിയാനയിൽ രണ്ടുലക്ഷവും നൽകുന്നുണ്ട്.

26,125

സംസ്ഥാനത്ത് ആകെ ആശാവർക്കർമാർ

8000 രൂപ

ഇൻസെന്റീവ് ഉൾപ്പെടെ പ്രതിമാസ വരുമാനം

''എല്ലാകാലത്തും ആശമാരോട് കടുത്ത അവഗണനയാണ്. എല്ലാമാസവും അഞ്ചിന് ഓണറേറിയം നൽകാൻ സർക്കാർ നടപടിയെടുക്കണം.

-വി.കെ.സദാനന്ദൻ, പ്രസിഡന്റ്,

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോ.