
ശിവഗിരി: മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി നാളെ ശിവഗിരിയിൽ ആചരിക്കും. രാവിലെ 10.30ന് ദൈവദശകം രചനാശതാബ്ദി സ്മാരകമന്ദിരത്തിൽ കവിയരങ്ങോടെയാണ് തുടക്കം. തല്പരരായവർക്ക് തങ്ങളുടെ കവിതകളും കുമാരനാശാന്റെ കൃതികളും അവതരിപ്പിക്കാൻ അവസരമുണ്ടാകും. കവിതാരചനയോ മത്സരങ്ങളോ ഉണ്ടായിരിക്കില്ല. മഞ്ചുവെള്ളായണി, അമ്പലപ്പുഴ രാജഗോപാൽ, ഹരിദാസ് ബാലകൃഷ്ണൻ, ബി.ഷിഹാദ്, ബാബുപാക്കനാർ, താണുവൻആചാരി, സുധാകരൻ ചന്തവിള തുടങ്ങിയവർ സംബന്ധിക്കും. ആശാൻ സ്മൃതിസമ്മേളനത്തിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ബോർഡംഗങ്ങളായ സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ, മറ്റു സന്യാസിമാർ, ബ്രഹ്മചാരികൾ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ശിവഗിരിമഠം അറിയിച്ചു. വിവരങ്ങൾക്ക് പി.ആർ.ഒ ഇം.എം.സോമനാഥൻ ഫോൺ: 9447551499.
ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ
സ്ഥലംമാറ്റത്തിന് 29വരെ സ്റ്റേ
തിരുവനന്തപുരം: ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ പൊതു സ്ഥലംമാറ്റത്തിനുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഈ മാസം 29 വരെ തടഞ്ഞു. അദ്ധ്യയന വർഷത്തിന്റെ അവസാനത്തിൽ സ്ഥലംമാറ്റം നടപ്പാക്കുന്നത് ചോദ്യം ചെയ്ത ഹർജിയിലാണ് നടപടി.
അടുത്ത അദ്ധ്യയനവർഷം തസ്തിക നിർണയ നടപടികൾ പൂർത്തിയാക്കുമ്പോൾ സ്ഥലംമാറ്റം നടപ്പാക്കുന്നത് സംബന്ധിച്ച് ട്രിബ്യൂണൽ സർക്കാരിനോട് അഭിപ്രായം തേടിയിരുന്നു. സർക്കാരിന്റെ നിലപാടറിയിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശവും നൽകി. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി അണ്ടർ സെക്രട്ടറി സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ ട്രിബ്യൂണൽ അതൃപ്തി രേഖപ്പെടുത്തി. തുടർന്നാണ് സ്ഥലംമാറ്റത്തിനുള്ള പട്ടിക പ്രസിദ്ധീകരിക്കുന്നത് 29 വരെ തടഞ്ഞത്.
22ന് പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് ട്രാൻസ്ഫർ നടത്താനുള്ള ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ നീക്കം.
'പലിശ നിർണയ
ഉത്തരവ് പിൻവലിക്കണം'
തിരുവനന്തപുരം: കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെ പ്രതിസന്ധി വർദ്ധിപ്പിക്കാനിടയാക്കുന്ന പലിശ നിർണയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് സഹകരണ ജനാധിപത്യവേദി ചെയർമാൻ അഡ്വ. കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു. പ്രാഥമിക സഹകരണ സംഘങ്ങളെ തകർക്കാൻ ഉതകുന്നതാണ് രജിസ്ട്രാറുടെ സർക്കുലർ. സഹകരണ സംഘങ്ങൾക്കുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ജെ.ഇ.ഇ മെയിൻ രണ്ടാം ഘട്ടം ഏപ്രിൽ മൂന്നിന് ശേഷം
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഏപ്രിൽ ഒന്ന് മുതൽ 15 വരെ നടത്താനിരുന്ന ജെ.ഇ.ഇ മെയിൻ രണ്ടാം ഘട്ടം പരീക്ഷ ഏപ്രിൽ മൂന്നിനു ശേഷമേ നടക്കൂ. സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ ഏപ്രിൽ രണ്ടുവരെയുള്ളതിനാലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷ മാറ്റിവെച്ചത്.
സാറാ ജോസഫിന് ഫെഡറൽ
ബാങ്ക് സാഹിത്യ പുരസ്കാരം
കോഴിക്കോട്: രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരം സാറാ ജോസഫിന്. ബൈബിൾ പശ്ചാത്തലത്തിൽ രചിച്ച 'കറ' നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്ന പുരസ്കാരം കോഴിക്കോട് ബീച്ചിൽ നടന്ന കേരള ലിറ്ററേചർ ഫെസ്റ്റിവൽ വേദിയിൽ ഫെഡറൽ ബാങ്ക് ബ്രാഞ്ച് ബാങ്കിംഗ് മേധാവിയും
എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ നന്ദകുമാർ.വി സമ്മാനിച്ചു. സാറാ ജോസഫിനു വേണ്ടി മകൾ സംഗീത ശ്രീനിവാസൻ പുരസ്കാരം ഏറ്റുവാങ്ങി.
കോഴിക്കോട് സോണൽ മേധാവി റെജി സി .വി പുരസ്കാര തുക കൈമാറി. എഴുത്തുകാരൻ കെ. പി. രാമനുണ്ണി അദ്ധ്യക്ഷത വഹിച്ചു. ബെന്യാമിൻ, മനോജ് കുറൂർ, ഇ .പി. രാജഗോപാലൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.