arrest

ചെർപ്പുളശേരി: 2023 ഏപ്രിൽ 6ന് തൃക്കടീരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കരാറുകാരൻ പനമണ്ണ സ്വദേശി ഗോപാലകൃഷ്ണനെ ക്വട്ടേഷൻ സംഘം ആക്രമിച്ച് പണം, മോട്ടോർ സൈക്കിൾ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ കവർന്ന കേസിൽ എട്ട് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടു പ്രതികളെ കൂടി അറസ്റ്റു ചെയ്തു.

ബൈക്കുകൊണ്ട് ഇടിച്ചുവീഴ്ത്തിയ ആറാം പ്രതി വട്ടിയൂർകാവ് റംല കോട്ടേജിലെ നിഷാദ്, പറളി സ്വദേശി മുഹമ്മദ് അൻസാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 10 പ്രതികളുള്ള കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിലായി. ഇതോടെ ചെർപ്പുളശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയ ക്വട്ടേഷൻ സംഘത്തെ പരിപൂർണമായും നിയമനടപടികൾക്ക് മുന്നിൽ കൊണ്ടുവരാനായി.

ജില്ല പൊലീസ് മേധാവി ആർ.ആനന്ദിന്റെ ആവശ്യപ്രകാരം മണ്ണാർക്കാട് ഡിവൈ.എസ്.പി കൃഷ്ണദാസിന്റെ നിർദ്ദേശ പ്രകാരം എസ്.എച്ച്.ഒ ടി.ശശികുമാറിന്റെ മേൽനോട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ, ഡി.ഷബീബ് റഹ്മാനാണ് രണ്ട് പ്രതികളെയും അറസ്റ്റുചെയ്തത്. രണ്ടു പ്രതികളെയും ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.