rehim

കണ്ണൂർ: എടക്കാട് പൊലിസ് വാഹനത്തിന് നേരെ വടിവാൾ, ബിയർ കുപ്പികൾ എന്നിവ ഉപയോഗിച്ച് അക്രമം നടത്തിയ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. പൊതുവാച്ചേരി പട്ടരേറ്റിൽ അബ്ദുൽ റഹീം(31), കോഴിക്കോട് കണ്ണംചാലിൽ ഇ.കെ നിതിൻ(), ഒളവണ്ണ അച്ചാരവീട്ടിൽ നവീൻ എന്ന ബോണി(28), മരക്കാർക്കണ്ടി ബദർ ക്വാട്ടേഴ്സിൽ മുഹമ്മദ് ഷാഹിദ്(23) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേർ കസ്റ്റഡിയിലുണ്ട്. ഇവർ ഈ കേസിൽ പ്രതികൾ അല്ലെന്നാണ് വിവരം.

എ.സി.പി ടി.കെ രത്നകുമാറിന്റെ മേൽനോട്ടത്തിൽ ടൗൺ ഇൻസ്‌പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പയ്യന്നൂരിൽ വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഒന്നാംപ്രതിയായ അബ്ദുൽ റഹീമിനെ നേരത്തെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു. ഇതിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഇയാൾക്കെതിരേ വീണ്ടും കാപ്പ ചുമത്തിയിരുന്നു. റഹീം പൊതുവാച്ചേരിയിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസ് ഇയാളെ അന്വേഷിച്ചു പോകുന്നതിനിടെയായിരുന്നു അക്രമം. ഇയാളുടെ പേരിൽ എടക്കാട് സ്റ്റേഷനിൽ ഇരുപതിലേറെ കേസുകൾ നിലവിലുണ്ട്. മോഷണകേസുകൾ ഉൾപ്പെടെ നിതിന്റെ പേരിൽ 11 കേസുകളും നവീന്റെ പേരിൽ 10 കേസുകളും ഷാഹിദിന്റെ പേരിൽ ആറ് കേസുകളും നിലവിലുണ്ട്.


പിടിയിലായവർ വൻ ക്വട്ടേഷൻ സംഘാംഗങ്ങളാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ പറഞ്ഞു. അക്രമത്തിന് ശേഷം കർണാടകയിലേക്ക് മുങ്ങിയ പ്രതികൾ വെള്ളിയാഴ്ച പുലർച്ചെയോടെ പയ്യന്നൂരിലെ ഒരു ലോഡ്ജിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണ സംഘം എത്തുകയായിരുന്നു. പൊലീസിനെ അക്രമിച്ച രക്ഷപ്പെടാനുള്ള പ്രതികളുടെ നീക്കം തടഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കണ്ണൂരിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രി പൊതുവാച്ചേരി ഭാസ്‌കരൻ പീടികയ്ക്ക് അടുത്ത് വച്ചായിരുന്നു പൊലീസ് വാഹനത്തെ ഒരു സംഘം അക്രമിച്ചത്. റഹീമിനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തിന് നേരെ വടിവാൾ, ബിയർ കുപ്പികൾ എന്നിവ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.