കാഞ്ഞങ്ങാട്: കേരളത്തിലും കർണാടകത്തിലുമായി നിരവധി മോഷണ കേസുകളിൽ പ്രതിയായ തൃശൂർ ആമ്പല്ലൂരിലെ കൊയിലി പറമ്പിൽ പി.ആർ ഷിബു (52) വിനെ ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. കർണാടക സംസ്ഥാനത്തെ മോഷണ കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ഷിബു നവംബർ 16നു ജയിൽ മോചിതനായി. തുടർന്നു വിവിധ ജില്ലകളിൽ മോഷണം നടത്തി 6നു ചെറുവത്തൂർ കുട്ടമത്തെ വീട്ടിൽ കൂട്ടുപ്രതിയായ ഷിബിലിക്കൊപ്പം മോഷണം നടത്തവെ ഷിബിലി പൊലീസ് പിടിയിലാവുകയും ഷിബു രക്ഷപ്പെടുകയുമായിരുന്നു.

ഷിബുവിനെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെ നിർദ്ദേശ പ്രകാരം ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ രൂപീകരിച്ച, എസ്.ഐ പ്രദീപൻ, അബുബക്കർ കല്ലായി, സിവിൽ പൊലീസ് ഓഫീസർമാരായ ജിനേഷ്, ഷജീഷ്, ശിവകുമാർ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് ഷിബുവിനെ അറസ്റ്റു ചെയ്തത്.

ഇയാളെ ചോദ്യം ചെയ്തതിൽ ജയിലിൽ നിന്നും പഴയങ്ങാടി, തലശ്ശേരി, മാഹി എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയതായി വെളിവായിട്ടുണ്ട്. ഷിബുവിന് കർണാടകയിൽ സുള്ള്, ഉഡുപ്പി പോലീസ് സ്റ്റേഷൻ, കേരളത്തിൽ ഹോസ്ദുർഗ്, ബേക്കൽ, ചന്തേര, കണ്ണൂർ ടൗൺ, വളപട്ടണം, തളിപ്പറമ്പ്, മട്ടന്നൂർ, ധർമ്മടം, കോഴിക്കോട് ടൗൺ, ബാലുശ്ശേരി പേരാമ്പ്ര, തൊട്ടിൽപ്പാലം, കുറ്റ്യാടി, പനമരം, പാലക്കാട്‌ ടൗൺ നോർത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിൽ നേരത്തെ മോഷണ കേസുകൾ നിലവിലുണ്ട്.