കൊടുങ്ങല്ലൂർ: ദേശീയപാതയുടെ നിർമ്മാണസാമഗ്രികൾ മോഷ്ടിക്കുന്ന തമിഴ് നാട് സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ. കൊടുങ്ങല്ലൂർ തളിക്കുളം റീച്ചിൽ നാഷണൽ ഹൈവേയുടെ നിർമ്മാണം ഏറ്റെടുത്ത് നടത്തുന്ന ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയുടെ നിർമ്മാണസാമഗ്രികളാണ് സംഘം മോഷണം നടത്തിയെന്നാണ് കേസ്.
തമിഴ്‌നാട് തെങ്കാശി സ്വദേശികളായ ശിവകുമാർ (32), ചെല്ലദുരൈ (38), കാർത്തിക് (29) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചന്തപ്പുരയിൽ ഹൈവേയുടെ നിർമ്മാണത്തിനായി സൂക്ഷിച്ചുവച്ചിരുന്ന നിർമ്മാണസാമഗ്രികളായ 45000 രൂപ വില വരുന്ന കപ്പ് ലോക്ക് വെർട്ടിക്കൽ 10 എണ്ണം, ക്ലാമ്പ് 5 എണ്ണം, എം.എസ് പൈപ്പ് 3 എണ്ണം എന്നിവയാണ് മോഷണം നടത്തി പ്രതികൾ പെട്ടി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയെന്നാണ് പരാതി.
ശിവാലയ കൺസ്ട്രക്ഷൻ സീനിയർ മാനേജർ ബിനുവിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികൾ അറസ്റ്റിലായത്. ഇൻസ്‌പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഹരോൾഡ് ജോർജ്, പ്രീജു, സി.പി.ഒ ബിനിൽ, സനോജ്, സുജീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.