
ആലുവ: സുഗന്ധദ്രവ്യ വ്യാപാരമെന്ന വ്യാജേന കഞ്ചാവ് കടത്തിയ ഒഡീഷ സ്വദേശി ആലുവയിൽ എക്സൈസിന്റെ പിടിയിലായി. ഒഡീഷ കാന്ദമാൽ സ്വദേശി സൂര്യ മാലിക്കാണ് (ഛോട്ടൂ - 29) എക്‌സൈസ് സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇയാളിൽനിന്ന് വ്യത്യസ്ത അളവിൽ പോളിത്തീൻ കവറുകളിലാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചിരുന്ന രണ്ടുകിലോ കഞ്ചാവ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് (സീസ്) തലവൻ അസി. കമ്മീഷണർ ടി. അനികുമാറിന്റെ മേൽ നോട്ടത്തിലുള്ള പ്രത്യേകസംഘവും എക്‌സൈസ് ഇന്റലിജൻസും ആലുവ എക്‌സൈസും ചേർന്ന് ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. സുഗന്ധദ്രവ്യ വസ്തുക്കൾ കൈമാറാറെന്ന വ്യാജേനയാണ് ഇയാൾ സ്റ്റാൻഡിൽ ഇടപാടുകാരെ കാത്തുനിന്നിരുന്നത്.
ഒഡീഷയിൽ നിന്നുവാങ്ങുന്നത് കുറഞ്ഞ തുകയ്ക്ക്
ഒഡീഷയിൽനിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് ട്രെയിനിൽ ആലുവയിലെത്തിച്ച് മൊത്തക്കച്ചവടം നടത്തി മടങ്ങുന്നതാണ് സൂര്യ മാലിക്കിന്റെ രീതിയെന്ന് എക്സൈസ് സംഘം പറഞ്ഞു. പത്തിരട്ടിയോളം ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്. സുഹൃത്തുക്കളായ അന്യസംസ്ഥാനക്കാർ ചെറുപൊതികളിലാക്കി മലയാളികളായ ഇടനിലക്കാർക്ക് കൂടിയ വിലക്ക് മറിച്ച് വിൽക്കും. നാട്ടിൽ മോഷണവും പിടിച്ചുപറിയും കഞ്ചാവ് കച്ചവടവുമായി കഴിയുന്നതിനിടെയാണ് ആലുവയിലെ അന്യസംസ്ഥാനക്കാരായ സുഹൃത്തുക്കൾ കൂടുതൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് സൂര്യ മാലിക്കിനെ ഇങ്ങോട്ട് ക്ഷണിച്ചത്.
ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങി മറിച്ചുവിൽക്കുന്നവരെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് പറഞ്ഞു. ആലുവ റേഞ്ച് ഇൻസ്‌പെക്ടർ എം. സുരേഷ്, ഐ.ബി പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്കുമാർ, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, മൂന്നാർ സർക്കിൾ സി.ഇ.ഒ കെ.എൻ. സിജുമോൻ, റേഞ്ച് പ്രിവന്റീവ് ഓഫീസർമാരായ ടി.പി. പോൾ, സി.എൻ. രാജേഷ്, ഒ.എസ്. ജഗദീഷ്, എം.ടി. ശ്രീജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.