തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയോടനുബന്ധിച്ച് ആശാൻ അക്കാഡമി നാളെ കനകക്കുന്ന് ശ്രീനാരായണഗുരു വിശ്വസംസ്‌കാര ഭവനിൽ അനുസ്‌മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ഉച്ചയ്‌ക്ക് 2ന് കവി സമ്മേളനത്തോടെ പരിപാടി ആരംഭിക്കും.
4ന് ബിനോയ് വിശ്വം എം.പി അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആശാൻ അക്കാഡമി പ്രസിഡന്റ് പ്രൊഫ.എം.ആർ.സഹൃദയൻ തമ്പിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡോ.എം.ആർ.തമ്പാൻ അനുസ്‌മരണ പ്രഭാഷണവും ഗുരുസാഗരം മാസികയുടെ ചീഫ് എഡിറ്റർ സജീവ് കൃഷ്‌ണൻ മുഖ്യ പ്രഭാഷണവും നടത്തും.
ചടങ്ങിൽ വി.ദത്തൻ,വിജയ് ന്യൂസ് മലയാളം ചീഫ് എഡിറ്റർ ശ്രീകുമാർ വിചാരബിന്ദു,ബി.ആർ.രാജേഷ്,പൂതംകോട് ഹരികുമാർ,ഒ.പി.വിശ്വനാഥൻ തുടങ്ങിയവർ സംസാരിക്കും. കവിയരങ്ങിൽ എം.ടി.ഗിരിജകുമാരി അദ്ധ്യക്ഷത വഹിക്കും. ദേശാഭിമാനി ഗോപി ഉദ്ഘാടനം ചെയ്യും. മഹിള ബാബു സ്വാഗതം ആശംസിക്കും. പ്രമുഖ കവികളും സാഹിത്യകാരന്മാരും പങ്കെടുക്കും.