
തിരുവനന്തപുരം: നൂറിലേറെ പ്രദർശനങ്ങൾ. രണ്ടരലക്ഷം സ്‌ക്വയർഫീറ്റിൽ 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകൾ. കണ്ടുതീർക്കാൻ ചുരുങ്ങിയത് എട്ടുമണിക്കൂർ. ഏഷ്യയിലെ ഏറ്റവും വലിയ ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും. ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മനുഷ്യന്റെ തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ മുതൽ കോശത്തിന്റെ 360 ഡിഗ്രിയിലുള്ള ഘടന വരെ പ്രദർശനങ്ങളിലുണ്ട്. ഉള്ളിൽ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ മാതൃക,വെർച്വൽ റിയാലിറ്റി എന്നിവ കുട്ടികളിൽ കൗതുകമുണർത്തും.
നാസയിലെ ലീഡ് പ്രോഗ്രാം സയന്റിസ്റ്റായ ഡോ.മധുലിക ഗുഹാത്തകുർത്ത മുഖ്യാതിഥിയാകും.ചടങ്ങിൽ മന്ത്രിയും ജി.എസ്.എഫ്.കെ സംഘാടകസമിതി ചെയർമാനുമായ കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി,പി.രാജീവ്,ഡോ.ആർ.ബിന്ദു,ജി.ആർ.അനിൽ,വീണാ ജോർജ്,എം.ബി.രാജേഷ്,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, എം.പിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ.റഹിം, എം.എൽ.എമാരായ വി.ശശി, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യാ രാജേന്ദ്രൻ, ശാസ്ത്രസാങ്കേതിക വകുപ്പ് എക്സ് ഒഫിഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.പി.സുധീർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ.എം.സി.ദത്തൻ, ഫെസ്റ്റിവൽ ഡയറക്ടർ ഡോ.അജിത്കുമാർ.ജി തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം എം.ജി.ശ്രീകുമാർ നയിക്കുന്ന സംഗീത പരിപാടി.ഫെസ്റ്റ് ഫെബ്രുവരി 15ന് സമാപിക്കും. നാളെ നടക്കുന്ന ഡോ.കൃഷ്ണ വാര്യർ മെമ്മോറിയൽ ലക്ചറിൽ ഡോ.മധുലിക ഗുഹാത്തകുർത്ത സംസാരിക്കും. നടി നവ്യാനായർ നൃത്തം അവതരിപ്പിക്കും.
ഞെട്ടിക്കുന്ന കാഴ്ചകൾ
ചാൾസ് ഡാർവിൻ സഞ്ചരിച്ച എച്ച്.എം.എസ് ബീഗിൾ കപ്പലിന്റെ ബൃഹദ് രൂപം
ദിനോസറിന്റെ യഥാർത്ഥ വലിപ്പത്തിലുള്ള അസ്ഥിക്കൂട മാതൃക
ബഹിരാകാശനിലയത്തിൽ നിന്നുള്ള ഭൂമിയുടെ കാഴ്ച
മ്യൂസിയം ഒഫ് ദ മൂൺ
ടിക്കറ്റ് നിരക്ക്
100 രൂപ മുതൽ 11,500 രൂപ വരെയുള്ള പാക്കേജുകൾ
18 വയസിന് മുകളിലുള്ളവർക്ക് ഒരു ദിവസത്തേക്ക് 250 രൂപ, രണ്ട് ദിവസത്തേക്ക് 400 രൂപ
10 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
30 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും അടങ്ങുന്ന സംഘത്തിന് പ്രവേശനത്തിന് ഒരാൾക്ക് 100 രൂപ
www.gsfk.org