
തിരുവനന്തപുരം: മ്യൂസിയം - വെള്ളയമ്പലം റോഡിൽ കനകക്കുന്നിന് സമീപത്ത് കാറിന് പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികനായ സൗണ്ട് എൻജിനിയർ മരിച്ചു. കവടിയാർ പണ്ഡിറ്റ് കോളനി ടിസി 4\1933 താഴ്‌വരയിൽ പരേതനായ റിട്ട. ഹെൽത്ത് ഇൻസ്‌പെക്‌ടർ വിമൽകുമാറിന്റെയും തിരുവനന്തപുരം മെഡിക്കൽകോളേജിലെ ലാബ് ടെക്‌നീഷ്യനായ രാഗിണിയുടേയും മകൻ സംഗീത് വിമൽകുമാർ (30) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.
കവടിയാറിലെ വീട്ടിൽനിന്ന് വഞ്ചിയൂരിലുള്ള അമ്മയുടെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു സംഗീത്. കാറും ഇതേദിശയിൽ വെള്ളയമ്പലത്ത് നിന്നു മ്യൂസിയം ഭാഗത്തേക്കായിരുന്നു. ബൈക്കിൽ നിന്ന് സംഗീത് തെറിച്ചു പോയി. സമീപത്തെ പാർക്കിന്റെ മതിലിൽ തലയിടിച്ച് വീണ സംഗീതിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പൊലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.