
തള്ളപ്പുലിക്കായി വ്യാപക തെരച്ചിൽ
വിതുര: പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള വിതുര ഫോറസ്റ്റ് സെക്ഷനിലെ പേപ്പാറ പട്ടൻകുളിച്ചപാറ വനമേഖലയിൽ കുട്ടിപ്പുലിയുടെ ജഡം കണ്ടെത്തി. അഞ്ചുമാസം പ്രായമുള്ള പുള്ളിപ്പുലിയുടെ ജഡം ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെ വനത്തിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസികളാണ് കണ്ടത്.
പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ജഡം അഴുകിയനിലയിൽ കണ്ടെത്തിയത്. ആദിവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരും പാലോട്ട് നിന്ന് വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി. പാലോട് വെറ്ററിനറി കേന്ദ്രത്തിലേക്ക് കൊണ്ടുപോയ പുലിയുടെ ജഡം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. പുലി എങ്ങനെ ചത്തതെന്ന് വ്യക്തമല്ലെന്ന് ഡി.എഫ്.ഒ കെ.ഐ.പ്രദീപ്കുമാർ അറിയിച്ചു. പ്രദേശത്തിന് അരക്കിലോ മീറ്റർ ചുറ്റളവിൽ തള്ളപ്പുലിക്കായി വനപാലകർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പുലിയുടെ ജഡം കിടന്നതിന്റെ സമീപത്തായി കേഴമാനിനെ കൊന്നുതിന്നതിന്റെ അവശിഷ്ടവും കണ്ടെത്തി. പ്രദേശത്ത് മുമ്പും പലതവണ പുലി ഇറങ്ങിയിട്ടുണ്ട്. തുടർച്ചയായി പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. പേപ്പാറ വനമേഖലയിൽ ധാരാളം പുലിയുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലർത്തണമെന്നുമാണ് വനംവകുപ്പ് മേധാവികൾ പറയുന്നത്. വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടിയിൽ നേരത്തെ രണ്ടുതവണ പുള്ളിപ്പുലിയിറങ്ങിയിരുന്നു.
ആദ്യം പൊന്മുടി പൊലീസ് സ്റ്റേഷന് സമീപത്ത് പൊലീസുകാരനാണ് പുലിയെ കണ്ടത്. ഒരാഴ്ച പിന്നിട്ടപ്പോൾ പൊന്മുടി ഗവൺമെന്റ് എൽ.പി സ്‌കൂളിന് മുന്നിലും പുലിയിറങ്ങി ഭീതിപരത്തി. രാവിലെ ഏഴരയോടെ സ്‌കൂളിലെ പാചകക്കാരി വിജയമ്മയാണ് പുലിയെ കണ്ടത്. പിന്നീട് വിതുര നാരകത്തിൻകാലയിൽ പുലിയിറങ്ങി ആടിനെ കടിച്ചുകൊന്നിരുന്നു.
പേപ്പാറ,കുട്ടപ്പാറ,പട്ടൻകുളിച്ചപാറ,കല്ലാർ,നാരകത്തിൻകാല,പൊന്മുടി മേഖലകളിലെത്തുന്ന വിനോദ സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.