പാറശാല: അമിതവേഗയിൽ ഓടിച്ച കാർ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പാറശാല പൊലീസിൽ കീഴടങ്ങി. പ്രതിക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യം അനുവദിച്ചതായി ബന്ധുക്കൾ ആരോപിച്ചു. പാറശാല അഞ്ചാലിക്കോണത്തിന് സമീപം പൊൻവിള നന്ദാനത്ത് വിള ജോയി ഡയൽവീട്ടിൽ അമലാണ് (27) അറസ്റ്റിലായത്. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
ദേശീയപാതയിൽ പവതിയാൻവിള ജംഗ്‌ഷനിൽ വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. കീഴത്തോട്ടം കല്ലിടാഞ്ചിവിള എ.എസ്.ഭവനിൽ സജികുമാറാണ് (22) മരിച്ചത്. പാറശാലയിലെ ഒരു ബാറിലെ പാർട്ടി കഴിഞ്ഞ് ഇടിച്ചക്കപ്ലാമൂട്ടിലേക്ക് അമിതവേഗയിൽ പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് പവതിയാൻവിളയിൽ റോഡ് സൈഡിൽ നിൽക്കുകയായിരുന്ന സജികുമാറിനെ ഇടിച്ച് തെറിപ്പിക്കുകയും സമീപത്തായി പാർക്ക് ചെയ്തിരുന്ന മറ്റൊരു ബൈക്കിനെയും ഓട്ടോയെയും ഇടിക്കുകയും റോഡിന് എതിർവശത്തെ ഒരു പെട്ടിക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബേക്കറി തൊഴിലാളിയായ സജികുമാറിന്റെ ഭാര്യ സഹോദരനെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വിളിച്ചുകൊണ്ട് പോകുന്നതിനായി ബേക്കറിക്ക് മുന്നിൽ ബൈക്കിലെത്തി കാത്തു നിൽക്കുമ്പോഴായിരുന്നു അപകടം. ഉടൻ നാട്ടുകാർ ചേർന്ന് സജികുമാറിനെ പാറശാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്കേറ്റ ഗുരുതര പരിക്ക് കാരണം മരിച്ചു. അപകടത്തെ തുടർന്ന് കാർ ഓടിച്ചിരുന്ന അമലിനും സഹയാത്രികരായ മറ്റ് രണ്ടുപേർക്കും നിസാര പരിക്കേറ്റിരുന്നു. പൊലീസ് ഇവരെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടതായാണ് പൊലീസ് പറഞ്ഞത്. ഗൾഫിൽ ജോലി നോക്കിയിരുന്ന സജികുമാർ ആറ് മാസം മുൻപാണ് നാട്ടിലെത്തി വിവാഹിതനായത്. പ്രതി ഇന്നലെ പാറശാല സ്റ്റേഷനിൽ കീഴടങ്ങിയതായാണ് പാറശാല സ്റ്റേഷൻ അധികൃതർ പറഞ്ഞത്. പ്രതിക്ക് സ്റ്റേഷൻ ജാമ്യം ലഭിക്കാൻ നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയെന്നാണ് യുവാവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.