
നെടുമങ്ങാട്: പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിൽ നെടുമങ്ങാട് നഗരസഭയുടെ സ്വപ്നപദ്ധതി പൂവണിഞ്ഞു. മുൻ കൗൺസിലിന്റെ കാലത്ത് ആരംഭിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ അഥവ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ നിലവിലെ കൗൺസിൽ പൂർത്തിയാക്കി. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിലും കടകളിലും നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് പൊടിച്ച് റോഡ് നിർമ്മാണത്തിന് നൽകിത്തുടങ്ങി. ജില്ലാ ശുചിത്വ മിഷന്റെയും നഗരസഭയുടെയും ഫണ്ട് വിനിയോഗിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക യന്ത്ര സാമഗ്രികളാണ് ഇതിനായി സജ്ജമാക്കിയത്. ഒരു കോടി രൂപ ഇതിനായി ചെലവിട്ടു. പനങ്ങോട്ടേലയിലും കല്ലമ്പാറയിലുമായി ഒരേ സമയം രണ്ടു കേന്ദ്രങ്ങളിലാണ് പ്ലാസ്റ്റിക് സംസ്കരണം വിജയകരമായി മുന്നേറുന്നത്. ജില്ലയിൽ പ്ലാസ്റ്റിക് സംസ്കരണത്തിൽ സ്വയംപര്യാപ്തത കൈവരിച്ച പ്രഥമ നഗരസഭയാവുകയാണ് നെടുമങ്ങാട്. ഒറ്റത്തവണ 100 കി.ഗ്രാം പ്ലാസ്റ്റിക് പൊടിച്ച് ബണ്ടിലാക്കിത്തരുന്ന യന്ത്രങ്ങളാണ് പനങ്ങോട്ടേല സംസ്കരണ കേന്ദ്രത്തിൽ എത്തിയിട്ടുള്ളത്. വൈകാതെ കളിപ്പാട്ടങ്ങളും കുടവും കുപ്പിയും ഇവിടെ ഉത്പാദിപ്പിക്കും. അടുത്ത വാർഷിക പദ്ധതിയിൽ ഇതിനുള്ള തുക നീക്കിവയ്ക്കാൻ കൗൺസിൽ ആലോചനയുണ്ട്. പനങ്ങോട്ടേലയിൽ ചുറ്റുമതിൽ നിർമ്മിക്കാൻ 30 ലക്ഷവും രണ്ടു കേന്ദ്രങ്ങളും സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണ വലയത്തിലാക്കാൻ ഒന്നര ലക്ഷം രൂപയും അനുവദിച്ചു കഴിഞ്ഞു. ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചു നൽകി ലൈഫ് മിഷനിൽ ഒന്നാം സ്ഥാനവും മികച്ച കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് 'ഒപ്പം" സംസ്ഥാനതല പുരസ്കാരവും ലഭിച്ച നഗരസഭയുടെ പ്ലാസ്റ്റിക് സംസ്കരണത്തിലെ മാതൃകാ നേട്ടവും അംഗീകാരങ്ങൾക്ക് വഴിയൊരുക്കും.
മേൽനോട്ടത്തിന് ഹരിതകർമ്മ സേന
ക്ളീൻ കേരള കമ്പനിയുടെ കീഴിൽ പരിശീലനം നേടിയ 78 ഹരിതകർമ്മ സേനാംഗങ്ങളാണ് സെന്ററുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്നത്. നഗരസഭ കുടുംബശ്രീ മുഖേന തിരഞ്ഞെടുക്കപ്പെട്ട വനിതകളാണിവർ. വരുന്ന 16, 17 തീയതികളിൽ ഇവർക്കായി ക്ളീൻ കേരള കമ്പനി പരിശീലനം ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ശേഖരിക്കുമ്പോൾ വീടുകളിൽ നിന്ന് 60 രൂപയും കടകളിൽ നിന്ന് 100 രൂപയും യൂസർ ഫീയായി ലഭിക്കുന്നതാണ് ഇവരുടെ പ്രതിഫലം.
മെഷിനറികൾ
**ഷെർഡിംഗ് മെഷീൻ (പ്ളാസ്റ്റിക് പൊടിക്കുന്നതിന്)
**ബൈലിംഗ് മെഷീൻ (ബോട്ടിലുകളും മറ്റു പ്ലാസ്റ്റിക്കുകളും ബണ്ടിലാക്കുന്നതിന്)
**ഡി ഡെസ്റ്റർ (പ്ലാസ്റ്റിക് ക്ലീൻ ചെയ്യുന്നതിന്)
**കൺവെയർ ബെൽറ്റ് (തൊഴിലാളികൾക്ക് ലൈനായി നിന്ന് പാക്കിംഗ് ചെയ്യുന്നതിന്)
**വീൽ ബാരോ (ലോഡു ചെയ്യുന്നതിന്)