തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്കായി ലയൺസ് ക്ളബ് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് വിഴിഞ്ഞം പോർട്ട് എം.ഡി ഡോ. ദിവ്യ എസ്.അയ്യർ പറഞ്ഞു.

പാറശാല മുതൽ ഹരിപ്പാട് വരെയുള്ള ലയൺസ് ക്ളബ്ബുകളുടെ കൂട്ടായ്‌മയായ ഡിസ്‌ട്രിക്‌ട് 318 എ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച 38-ാമത് സ്‌പെഷ്യൽ സ്‌പോർട്‌സിന്റെ സമാപനം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

രാവിലെ ഒമ്പതിന് ആരംഭിച്ച മത്സരങ്ങൾ എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആനന്ദ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഡിസ്‌ട്രിക്‌ട് ഗവർണർ ലയൺ ബി.അജയ്യകുമാർ അദ്ധ്യക്ഷനായിരുന്നു. ആൺ-പെൺ,​സബ്‌ ജൂനിയർ, ജൂനിയർ,സീനിയർ വിഭാഗങ്ങളിലെ 90 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ വിവിധ സ്‌പെഷ്യൽ സ്കൂളുകളിൽ നിന്നായി 700 കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ദിവ്യ എസ്.അയ്യർ സമ്മാനങ്ങൾ വിതരണം ചെയ്‌തു.

പങ്കെടുത്ത എല്ലാ കുട്ടികൾക്കും ലയൺസ് ക്ളബ് പ്രത്യേക ഉപഹാരങ്ങളും നൽകി. സ്‌പെഷ്യൽ സ്‌പോർട്‌സ് ജനറൽ കൺവീനർ ലയൺ രാജേഷ് ജെ.നായർ സ്വാഗതവും ഡിസ്ട്രിക‌്ട് സെക്രട്ടറി ലയൺ മധുസൂദനൻ നായർ നന്ദിയും പറഞ്ഞു. മണ്ണന്തല മരിയൻ പ്ലേ ഹോം മത്സരങ്ങളിൽ ഓവറാൾ ചാമ്പ്യൻമാരായി.