നെടുമങ്ങാട്: അരുവിക്കര ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് എക്സിക്യുട്ടീവ് എൻജിനിയറുടെ കരാർ പുതുക്കാനുള്ള അപേക്ഷ പഞ്ചായത്ത് അധികൃതർ നിരസിച്ചതായി പരാതി. കോൺഗ്രസ് അനുഭാവിയായ എ.ഇ. വിജിൻ നവകേരള സദസിൽ പങ്കെടുക്കാത്തതിലുള്ള പ്രതികാരമാണ് നടപടിക്ക് പിന്നിലെന്നാണ് ആരോപണം. കരാർ പുതുക്കാത്തതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ വിയോജന കുറിപ്പ് നൽകി. സാമ്പത്തിക വർഷം തീരാൻ മൂന്ന് മാസം ബാക്കി നിൽക്കെ എ.ഇ.യെ പിരിച്ചുവിടുന്നത് തൊഴിലുറപ്പ് മേഖലയിൽ കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ കെ.രമേശ് ചന്ദ്രൻ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബഹുജന പങ്കാളിത്തത്തോടെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അരുവിക്കര മണ്ഡലം പ്രസിഡന്റ് മുണ്ടേല പ്രവീൺ അറിയിച്ചു.