തിരുവനന്തപുരം: ലത്തീൻ അതിരൂപത ചാൻസലറും വക്താവുമായ ഡോ.സി.ജോസഫിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കൃതജ്ഞതാ ദിവ്യബലിയും സ്നേഹവിരുന്നും ഇന്ന് രാവിലെ 11ന് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.കർദ്ദിനാൾ മാർ ബസേലിയോസ് ക്ളിമീസ് കാതോലിക്ക ബാവ, ആർച്ച് ബിഷപ്പ് ഇമെരിറ്റസ് ഡോ.എം.സൂസപാക്യം, ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ, ബിഷപ്പുമാരായ ഡോ.വിൻസന്റ് സാമുവൽ, ഡോ.ആർ.ക്രിസ്തുദാസ്,ഡോ. മാത്യൂസ് മാർപോളിക്കാർപ്പോസ് എന്നിവർ പങ്കെടുക്കും.
കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഒഫ് ഇന്ത്യ (സി.ബി.സി.ഐ), ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, സി.ബി.സി.ഐ ഹെഡ്‌ക്വാർട്ടേഴ്‌സ് സെന്റർ ഡയറക്‌ടർ, സി.ബി.സി.ഐ വക്താവ്, പി.ആർ.ഒ എന്നീ നിലകളിൽ ഡോ.സി.ജോസഫ് വർഷങ്ങളോളം ഡൽഹിയിൽ പ്രവർത്തിച്ചിരുന്നു. കാനൻ ലോ സൊസൈറ്റി ഒഫ് ഇന്ത്യയുടെ പ്രസിഡന്റായി എട്ട് വർഷം സേവനമനുഷ്‌ഠിച്ചു.
ഡൽഹിയിലെ പ്രവർത്തനത്തിനുള്ള അംഗീകാരമായി ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് സാൽവത്തോറെ പെനാക്യോയാണ് മോൺസിഞ്ഞോർ പദവി നൽകിയത്.
1949ൽ പുല്ലുവിളയിൽ ചിന്നയ്യന്റെയും റോസിലിയുടെയും രണ്ടാമത്തെ മകനായി ജനിച്ച അദ്ദേഹം തിരുവനന്തപുരത്ത് കോളേജ് സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം റോമിലെ പൊന്തിഫിക്കൽ അർബൻ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് കാനൻ ലോയിൽ പിഎച്ച്.ഡി നേടിയത്.
1973ൽ അഭിവന്ദ്യ പീറ്റർ ബർണാർഡ് പിതാവിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. തിരുവനന്തപുരം അതിരൂപത വികാരി ജനറൽ, രൂപതാ കോടതി മേധാവി, രൂപതയുടെ സ്കൂളുകളുടെ കോർപ്പറേറ്ര് മാനേജർ, വിദ്യാഭ്യാസ ശുശ്രൂഷാ ഡയറക്‌ടർ പദവികളിൽ സേവനമനുഷ്‌ഠിച്ചു.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ, വെട്ടുകാട് മാദ്ര ദേ ദേവൂസ് ദേവാലയം, പൂവാർ സെന്റ് ബർത്തലോമിയോ പള്ളി, കൊച്ചുവേളി സെന്റ് ജോസഫ്‌സ് പള്ളി, ലൂർദ്പുരം ലൂർദ്‌മാതാ പള്ളി,നന്തൻകോട് സേക്രഡ് ഹാർട്ട് പള്ളി എന്നിവിടങ്ങളിൽ വികാരിയായിരുന്നു.