cm

ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന് തിരി തെളിഞ്ഞു

തിരുവനന്തപുരം: മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും സംസ്കാരത്തിന്റെയും ഐക്യം തകർക്കാനുള്ള ശ്രമം ശാസ്ത്രത്തെ പിറകോട്ടടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാട്ട കൊട്ടിയും ചെണ്ട കൊട്ടിയും ശാസ്ത്ര ബോധമുള്ള സമൂഹത്തെ വളർത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ തിരുവനന്തപുരം തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മനുഷ്യരുടെ പൂർവികരുടെ മാതൃകകൾ അനാച്ഛാദനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. വേദിയിൽ സജ്ജീകരിച്ച ബട്ടൺ അമർത്തിയതോടെ ആസ്ട്രലോപിത്തിക്കസ്, ഹോമോ ഇറക്ട്സ്, നിയാണ്ടർത്താൽ തുടങ്ങിയ ആദിമമനുഷ്യരുടെ മാതൃകകൾ അനാവരണം ചെയ്യപ്പെട്ടു.

ശാസ്ത്രം സമൂഹത്തിൽ വേരോടാതിരിക്കാൻ സാധിക്കുന്നതെല്ലാം ചിലർ ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ അവബോധം വളർത്തുന്നതിനു പകരം അധികാര സ്ഥാനത്തുള്ളവർ തന്നെ ശാസ്ത്രവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ശാസ്ത്രജ്ഞന്മാർക്കു പകരം ശാസ്ത്രത്തെ നോക്കുകുത്തിയാക്കുന്ന ആൾദൈവങ്ങളാണ് ഇപ്പോൾ ഇവിടെ ആദരിക്കപ്പെടുന്നത്. ശാസ്ത്രമല്ല മതമാണ് രാജ്യ പുരോഗതിയിലേക്കുള്ള വഴിയെന്നു ബോധപൂർവ്വം പ്രചരിപ്പികുന്നു . എന്നാൽ പണ്ടു മുതലേ ശാസ്ത്ര ബോധമുള്ള കേരളത്തിൽ ഇത് വിലപ്പോവില്ല.ഈ വർഷം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് നടക്കുമോയെന്നറിയില്ല.ശാസ്ത്ര കോൺഗ്രസിന് അനുവാദം കിട്ടിയിട്ടില്ലെന്നാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാൾസ് ഡാർവിൻ സഞ്ചരിച്ച എച്ച്.എം.എസ് ബീഗിൾ കപ്പലിന്റെ ബൃഹദ് രൂപം, ദിനോസറിന്റെ യഥാർത്ഥ വലിപ്പത്തിലുള്ള മാതൃക, ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഭൂമിയുടെ കാഴ്ച തുടങ്ങിയവ ഫെസ്റ്റിവലിലെ മുഖ്യ ആകർഷണങ്ങളാണ്.ശാസ്ത്രത്തിന് അതിർത്തിയോ പരിധിയോ ഇല്ലെന്ന് മുഖ്യാതിഥിയായിരുന്ന നാസയിലെ ലീഡ് പ്രോഗ്രാം സയന്റിസ്റ്റായ ഡോ. മധുലിക ഗുഹാത്തകുർത്ത പറഞ്ഞു. മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, ജി.ആർ. അനിൽ, വീണാ ജോർജ്, എ.എ. റഹിം എം.പി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി. ശശി, വി. ജോയി, മേയർ ആര്യ രാജേന്ദ്രൻ, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫിഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.പി. സുധീർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി. ദത്തൻ, കളക്ടർ ജെറോമിക് ജോർജ്, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ജി. അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന്, പിന്നണിഗായകൻ എം.ജി. ശ്രീകുമാർ നയിച്ച ഗാനമേള നടന്നു.. ഫെസ്റ്റ് ഫെബ്രുവരി 15ന് സമാപിക്കും.