
ഓരോ യാത്രയും ഏതൊരു വ്യക്തിക്കും പുതിയ തിരിച്ചറിവുകളും അനുഭവങ്ങളും സമ്മാനിക്കും. രാഷ്ട്രീയ നേതാക്കൾ നടത്തുന്ന യാത്രകൾ അവർക്ക് സാധാരണ ജനങ്ങളെ കൂടുതൽ അടുത്തറിയാനും അവരുടെ അടിയന്തരമായ ആവശ്യങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാനും ഉതകും. അതനുസരിച്ച് അവരുടെ കാഴ്ചപ്പാടിലും മാറ്റങ്ങൾ സംഭവിക്കാം. സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്ന ഒരു നേതാവല്ല രാഹുൽഗാന്ധി. അതിനാൽത്തന്നെ ഇത്തരം യാത്രകൾ ജനങ്ങളുമായി കൂടുതൽ ഇടപഴകാനും അവരിൽ ഒരാളായി നിന്ന് അവരുടെ പ്രശ്നങ്ങൾ അറിയാനും അവസരമൊരുക്കുന്നതാണ്. അതിനപ്പുറം, ഒരു നേതാവെന്ന നിലയിൽ ഇന്ത്യയുടെ വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും മനസ്സിലാക്കാൻ യാത്രകൾ അനിവാര്യമാണ്.
രാഹുലിന്റെ രണ്ടാം യാത്രയായ ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിലെ തൗബ ജില്ലയിൽ നിന്ന് തുടങ്ങിയിരിക്കുകയാണ്. 2022 സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്നു തുടങ്ങി കഴിഞ്ഞ ജനുവരി 30ന് ശ്രീനഗറിലാണ് ആദ്യ ഭാരത് ജോഡോ യാത്ര സമാപിച്ചത്. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയുമായി കാൽനടയായി മൂവായിരത്തിലേറെ കിലോമീറ്റർ ആ യാത്രയിൽ രാഹുൽ പിന്നിട്ടു. ഈ യാത്രയ്ക്കു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തെക്കേ ഇന്ത്യയിൽ കർണാടകവും തെലങ്കാനയും കോൺഗ്രസ്സിനു ലഭിച്ചപ്പോൾ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ കനത്ത തിരിച്ചടിയാണ് കിട്ടിയത്.
ബി.ജെ.പിക്ക് നല്ല വേരോട്ടമുള്ള സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു എന്നത് രണ്ടാം യാത്രയുടെ പ്രസക്തി കൂടുതൽ വർദ്ധിപ്പിക്കാൻ ഇടയാക്കുന്നു. 6713 കിലോമീറ്റർ പിന്നിട്ട് മാർച്ച് അവസാനം യാത്ര മുംബയിൽ സമാപിക്കും. ഇതൊരു തിരഞ്ഞെടുപ്പ് യാത്രയല്ലെന്നും ആദർശ യാത്രയാണെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കുന്നതെങ്കിലും വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു തന്നെയാണ് യാത്ര നടത്തുന്നതെന്ന് വ്യക്തം. അപ്പുറത്ത് ബി.ജെ.പി രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി മുന്നോട്ടു പോകുന്നതും ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു തന്നെയാണ്. മൂന്നാം വട്ടവും മോദി തന്നെയാണ് ബി.ജെ.പി മുന്നണിയുടെ പ്രധാനമന്ത്രി മുഖം. അതിൽനിന്ന് വ്യത്യസ്തമായി രാഹുൽഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസും പ്രതിപക്ഷ മുന്നണിയിലെ മറ്റു കക്ഷികളും ഉയർത്തിക്കാട്ടുന്നില്ല.
അതേസമയം പ്രതിപക്ഷത്തെ ഏറ്റവും ജനസ്വാധീനമുള്ള നേതാവ് രാഹുൽഗാന്ധിയാണെന്ന് ബോദ്ധ്യപ്പെടുത്താൻ ഈ യാത്ര സഹായിക്കാതിരിക്കില്ല. മോദി ഉയർത്തുന്ന വെല്ലുവിളി എത്രമാത്രം രാഹുലിന് നേരിടാനാകും എന്നത് കാത്തിരുന്ന് അറിയേണ്ട കാര്യമാണ്. മാർച്ചിൽ മുംബയിൽ രണ്ടാം യാത്ര അവസാനിക്കുമ്പോഴേക്കും തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായിരിക്കും. മോദി രാജ്യത്ത് അനീതിയും വിദ്വേഷവും പടർത്തുകയാണെന്നാണ് രാഹുൽ വിമർശിക്കുന്നത്. ഇത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ രാഹുൽഗാന്ധിക്ക് എത്രത്തോളം കഴിയുമെന്നതിനെ ആശ്രയിച്ചാണ് യാത്രയുടെ വിജയം നിർണയിക്കപ്പെടുന്നത്.
രാഹുൽഗാന്ധി ജനങ്ങൾക്കു നൽകുന്ന വാഗ്ദാനങ്ങളും പ്രതീക്ഷകളും ജനങ്ങൾ എത്രമാത്രം സ്വീകരിച്ചു എന്നതിന്റെ സാക്ഷ്യപത്രമായിക്കൂടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം വരാൻ പോകുന്നത്. യാത്രകൾ കൊണ്ടുമാത്രം പാർട്ടിയെയും പ്രതിപക്ഷ മുന്നണിയെയും പുനരുജ്ജീവിപ്പിക്കാനാവില്ല. കുടുംബവാഴ്ച നിലനിൽക്കുന്ന പാർട്ടി എന്നാണ് കോൺഗ്രസ്സിനെ പ്രധാനമായും ബി.ജെ.പി വിമർശിക്കുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രീതിയിൽ ജനലക്ഷങ്ങളെ ആകർഷിക്കാനും അവരുടെ വിശ്വാസം ആർജ്ജിക്കാനും രാഹുൽഗാന്ധിക്ക് എത്രത്തോളം കഴിയുമെന്നതിനെ ആശ്രയിച്ചാണ് വിജയ പരാജയങ്ങൾ നിലനിൽക്കുന്നത്. എന്തായാലും പാർട്ടിക്കും പ്രതിപക്ഷ മുന്നണിക്കും കൂടുതൽ ഉണർവ്വും വീര്യവും പകർന്നുനൽകാൻ രണ്ടാം യാത്ര ഉപകരിക്കാതിരിക്കില്ല.