കല്ലറ: വിപണിയിൽ ഏത്തപ്പഴത്തിന്റെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ ദുരിതത്തിൽ. ഓണ സമയത്ത് ഉണ്ടായിരുന്ന വിലയേക്കാൾ പകുതിവില മാത്രമാണ് ഇപ്പോഴുള്ളത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഏത്തക്കായ എത്താൻ തുടങ്ങിയതോടെ കർഷകർ പ്രതിസന്ധിയിലായി.

നാട്ടിൻപുറങ്ങളിൽ റബർ കഴിഞ്ഞാൽ വയലുകളിൽ ഉൾപ്പെടെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ഏത്തവാഴയാണ്. സീസൺ സമയങ്ങളിൽ കിലോയ്ക്ക് 65 മുതൽ ലഭിച്ചിരുന്നത് ഇപ്പോൾ 35ൽ താഴെയായി. മാർക്കറ്റുകളിൽ പച്ചയ്ക്ക് 15 രൂപയും പഴത്തിന് 25-30 രൂപയുമായി വില താഴ്ന്നു. നേന്ത്രവാഴകൃഷി നഷ്ടമില്ലാതെയാകണമെങ്കിൽ കിലോയ്ക്ക് 35 രൂപയെങ്കിലും ലഭിക്കണം. നാടൻ ഏത്തക്കുലയ്ക്ക് ഗുണനിലവാരം കൂടുതലാണെങ്കിലും മറുനാടൻ ഏത്തക്കുലകളാണ് വിപണിയിൽ കൂടുതലുള്ളത്.

 കിലോയ്ക്ക്.......... 35 രൂപ

 രോഗബാധയും കാലാവസ്ഥാ വ്യതിയാനവും പന്നി ശല്യവും കർഷകരെ പ്രതിസന്ധിയിലാക്കുന്നു

 വില്ലനായി കാലാവസ്ഥ

വിളവെടുപ്പ് സമയമായതിനാൽ വയനാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് ദിവസവും ടൺ കണക്കിന് ഏത്തക്കുലകളാണ് ഓരോ ദിവസവും കടകളിലെത്തുന്നത്. നാടൻ കുലകളെ അപേക്ഷിച്ച് ഇതിന് വിലയും കുറവാണ്. വില കുത്തനെ ഇടിഞ്ഞതോടെ മുടക്കുമുതൽ പോലും ലഭിക്കാത്ത അവസ്ഥയിലാണ് കർഷകർ. കാലാവസ്ഥാവ്യതിയാനവും വളം, കീടനാശിനി വില വർദ്ധനയും സൃഷ്ടിച്ച പ്രതിസന്ധി തുടരുമ്പോഴാണ് വിലക്കുറവ് കർഷകർക്ക് ഇരട്ടി ആഘാതം സൃഷ്ടിക്കുന്നത്. ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണ്. വളം വിലയും പണിക്കൂലിയും പാട്ടത്തുകയും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണെന്ന് കർഷകർ പറയുന്നു.

 ചെലവ് ഇരട്ടി

ഒരു ഏത്തവാഴ പരിപാലിച്ചു പാകമാകണമെങ്കിൽ 175 രൂപയോളം ചെലവുണ്ട്. എന്നാൽ ഇതിന്റെ പകുതി പോലും പലപ്പോഴും കർഷകർക്ക് ലഭിക്കുന്നില്ല. ശരാശരി 8 മുതൽ 10 കിലോഗ്രാമാണ് ഒരു നേന്ത്രക്കുലയുടെ തൂക്കം. നിലവിൽ കൂടുതൽ പേർക്കും കരനേന്ത്ര വാഴ കൃഷിയോടാണ് താത്പര്യം കാണിക്കുന്നത്. വയലിൽ വാഴ നടുമ്പോഴുള്ള ചെലവിന്റെ പകുതിയിൽ താഴെ മതി കരനേന്ത്രവാഴയ്ക്ക് എന്നതാണ് ഇതിന് കാരണം.