
തിരുവനന്തപുരം: പരിഷ്‌കരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള 164 പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകാൻ സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരും. ചെയർമാൻ കൂടിയായ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിലാണ് യോഗം.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലേക്കാണ് പുതിയ പാഠപുസ്തകങ്ങൾ എത്തുന്നത്. രണ്ട് ഭാഗമായി അച്ചടിക്കുന്ന പാഠപുസ്തകങ്ങളിൽ രചന പൂർത്തിയായ ആദ്യഭാഗമാണ് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തിനെത്തുന്നത്. മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് മാദ്ധ്യമങ്ങളിൽ ഉൾപ്പെട്ട പാഠപുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ തയാറായിട്ടുള്ളത്. പരിഷ്‌കരിച്ച മലയാളം ലിപിയും പുതിയ ഫോണ്ടുമാണ് പുതിയ പാഠപുസ്തകങ്ങളിൽ. കമ്മിറ്റി അംഗീകാരം നൽകി കാക്കനാട്ടെ കെ.ബി.പി.എസ് പ്രസിന് കൈമാറുന്ന പാഠപുസ്തകങ്ങളുടെ അച്ചടി മേയിൽ പൂർത്തിയാകും. ഈ പാഠപുസ്തകങ്ങളായിരിക്കും വരുന്ന അദ്ധ്യയനവർഷം പഠിപ്പിക്കുക.
രചന അവസാന ഘട്ടത്തിലെത്തിയ രണ്ടാംഭാഗം പാഠപുസ്തകങ്ങളും വൈകാതെ കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തിനെത്തും. 2023 മേയ് മുതൽ നവംബർ വരെ എസ്.സി.ഇ.ആർ.ടി നടത്തിയ ശിൽപ്പശാലകളിലൂടെയാണ് പാഠപുസ്തകരചന പൂർത്തിയാക്കിയത്.
മൊത്തം മൂന്നരക്കോടി പാഠപുസ്തകങ്ങളാണ് സംസ്ഥാനത്തെ സ്‌കൂളുകൾക്കായി അച്ചടിക്കേണ്ടത്. അടുത്തവർഷം മാറ്റമില്ലാത്ത രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 2025-26 അദ്ധ്യയന വർഷത്തിൽ പരിഷ്‌കരിക്കും.
2013 -15 കാലയളവിലാണ് മുമ്പ് പാഠപുസ്തക പരിഷ്‌കരണം നടന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പുസ്തകങ്ങൾ പരിഷ്‌കരിക്കാൻ തീരുമാനിച്ചെങ്കിലും നിയമസഭ തിരഞ്ഞെടുപ്പ് വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.