
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മൂന്നാനക്കുഴി അരശുംമൂട്ടിൽ വാട്ടർ അതോറിട്ടി കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച മാൻഹോൾ അപകടക്കെണിയാകുന്നുവെന്ന് നാട്ടുകാരുടെ പരാതി.പത്ത് അടിയോളം താഴ്ചയിൽ അരശുംമൂട് ബസ് സ്റ്റോപ്പിന് അടുത്തായി കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച മാൻഹോളിന്റെ ഇരുമ്പ് മൂടിയും ഉള്ളിലെ വാൽവും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിട്ട് മാസങ്ങളേറെയായി.തുടർന്ന് വാട്ടർ അതോറിട്ടിയിലും പുല്ലമ്പാറ പഞ്ചായത്തിലും പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
രാത്രികാലങ്ങളിൽ ഇവിടെ ബസിറങ്ങി നടക്കുന്ന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
സ്കൂൾ കുട്ടികളും വഴിയാത്രക്കാരും നിരന്തരം കടന്നുപോകുന്ന അരശുംമൂട് ജംഗ്ഷനിൽ വാട്ടർ അതോറിട്ടിയുടെ മാൻഹോളിൽ അടിയന്തരമായി മൂടി സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.